ന്യൂഡല്‍ഹി: രാജ്യത്തെ ഇന്ധനവില വര്‍ധിക്കുന്ന പ്രക്രിയ മുടക്കമില്ലാതെ തുടരുന്നു. ചൊവ്വാഴ്ച ജമ്മു കശ്മീരിലും പെട്രോള്‍ വില നൂറ് കടന്നു. 100.72 രൂപയാണ് ഇന്ന് മുംബൈയിലെ പെട്രോള്‍ വില. ഡീസലിന് 92.17 രൂപയായി. ഡല്‍ഹി അടക്കമുള്ള വന്‍ നഗരങ്ങളിലും പെട്രോള്‍ വില 95 രൂപയ്ക്ക് മുകളിലാണ്. തിരുവനന്തപുരത്ത് പെട്രോള്‍ വില 96.50 രൂപയായി.

കഴിഞ്ഞ 17 ദിവസമായി രാജ്യത്തെ ഇന്ധനവില തുടര്‍ച്ചയായി കുത്തനെ ഉയരുകയാണ്. ഇടയ്ക്ക് വിലവര്‍ധന നിലച്ചിരുന്നെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായ ശേഷം പ്രതിദിനമുള്ള വിലവര്‍ധന പൂർവ്വാധികം ശക്തമായി. രാജസ്ഥാന്‍, മധ്യപ്രദേശ് അടക്കം ഏഴ് സംസ്ഥാനങ്ങളില്‍ ഇതിനോടകം തന്നെ പെട്രോള്‍ വില നൂറ് രൂപ കടന്നു.

സംസ്ഥാനത്തും ഇന്ധനവില നൂറിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. തിരുവനന്തപുരത്ത് പെട്രോളിന് 96.50 രൂപയാണ് ചൊവ്വാഴ്ചത്തെ വില. ഡീസലിന് 91.78 രൂപയായി. ഇന്ന് പെട്രോളിന് 26 പൈസയും ഡീസലിന് 24 പൈസയുമാണ് വര്‍ധിച്ചത്. എറണാകുളത്ത് പെട്രോളിന് 94.83 രൂപയും ഡീസലിന് 90.21 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോള്‍ 94.90, ഡീസല്‍ 90.29 എന്നിങ്ങനെയാണ് വില.

2021 ജനുവരി ഒന്നു മുതല്‍ പരിശോധിച്ചാല്‍ ഇന്ധനവില വര്‍ധനയുടെ കുതിക്കുന്ന ഗ്രാഫ് ഞെട്ടിക്കുന്നതാണ്. ജനുവരി ഒന്നിന് 85.96 ആയിരുന്നു തിരുവനന്തപുരത്തെ പെട്രോള്‍ വില. ഇത് മാസാവസാനത്തോടെ 88.51 ആയി. ജനുവരിയില്‍ വര്‍ധിച്ചത് 2.88 ശതമാനം. ഫെബ്രുവരി ഒന്നിന് തിരുവനന്തപുരത്ത് 87.94 രൂപയായിരുന്ന വില ആ മാസം 28 ആയപ്പോള്‍ 93.05 ആയി വര്‍ധിച്ചു. 5.49 ശതമാനമായിരുന്നു ഫെബ്രുവരിയില്‍ മാത്രം ഉണ്ടായത്.

മാസങ്ങളായി തുടരുന്ന വിലവര്‍ധനവിന് തിരഞ്ഞെടുപ്പ് കാലമായതിനാല്‍ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ താല്‍കാലിക വിരാമമായിരുന്നു. എന്നാല്‍ മേയ് മാസത്തോടെ വിലവര്‍ധന പുനരാരംഭിച്ചു. മേയ് മാസം ആദ്യം 92.28 രൂപയായിരുന്ന തിരുവനന്തപുരത്തെ പെട്രോള്‍ വില. ജൂണ്‍ ഒന്നിന് അത് 96.50. ഒരു മാസം കൊണ്ട് ഉണ്ടായ വര്‍ധന 4.22 രൂപ. ഇക്കാലത്തുണ്ടായ വര്‍ധനയുടെ നിരക്ക് 4.08 ശതമാനം.

ഈ വര്‍ഷം ഇതുവരെ സംസ്ഥാനത്ത് പെട്രോളിന് വര്‍ധിച്ചത് 10.54 രൂപയാണ്. ഡീസല്‍ വില ജനുവരി ഒന്നിന് 79.89 രൂപയായിരുന്നത് വര്‍ധിച്ച് ജൂണ്‍ ഒന്നിന് 91.78 രൂപയായതോടെ ഈ വര്‍ഷത്തെ വിലവര്‍ധന 11.89 രൂപയും ആയി. ഈ രീതിയില്‍ തുടര്‍ന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സംസ്ഥാനത്തും ഇന്ധന വില മൂന്നക്കം തൊടും എന്നാണ് വിലയിരുത്തപ്പെടുന്നത്.

Content Highlights: fuel price hike continues in kerala