പ്രധാനമന്ത്രിയുടെ ഫിറ്റ് ഇന്ത്യ ചർച്ചയിൽ പങ്കെടുക്കുന്ന അഫ്ഷാൻ ആഷിഖ്| Photo: PTI
ന്യൂഡല്‍ഹി: മൂന്നു വര്‍ഷം മുമ്പ് കശ്മീരിലെ സുരക്ഷാ സേനയ്‌ക്കെതിരെ എറിയാന്‍ ഓങ്ങിനില്‍ക്കുന്ന ഒരു പെണ്‍കുട്ടിയുടെ ചിത്രം ഏറെനാള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍, ഇന്ന് അതേ പെണ്‍കുട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി സംഘടിപ്പിച്ച ഫിറ്റ് ഇന്ത്യ ചര്‍ച്ചയില്‍ പങ്കെടുത്തിരിക്കുന്നു. ജമ്മു കശ്മീര്‍ വനിതാ ഫുട്‌ബോള്‍ ടീമിന്റെ ഗോള്‍കീപ്പറായ അഫ്ഷാന്‍ ആഷിഖാണ് ആ പെണ്‍കുട്ടി.
ക്രിക്കറ്റ് താരം വിരാട് കോലി, നടന്‍ മിലിന്ദ് സോമന്‍, ഡയറ്റീഷ്യനായ രുജുത ദിവാകര്‍ എന്നീ പ്രമുഖര്‍ പങ്കെടുക്കുന്ന ഓണ്‍ലൈന്‍ ചര്‍ച്ചയിലാണ് ആഫ്ഷാന്‍ ആഷിഖ് പങ്കെടുത്തത്. ഓരോരുത്തരും തങ്ങളുടെ വിജയകഥകളാണ് പ്രധാനമന്ത്രിയുമായി പങ്കുവെക്കുന്നത്.
മൂന്നു വര്‍ഷം മുമ്പ് ശ്രീനഗറിലെ കോതി ബാഗില്‍ പരിശീലനത്തിനായി തന്റെ ടീമംഗങ്ങള്‍ക്കൊപ്പം പോവുകയായിരുന്നു അഫ്ഷാന്‍ ആഷിഖ്. അന്ന് പുല്‍വാമ ഡിഗ്രി കോളേജിന് സമീപമുണ്ടായ സൈനിക നടപടിക്കെതിരെ ഒരു സംഘം ചെറുപ്പക്കാര്‍ രംഗത്ത് വരികയും സുരക്ഷാ സേനയ്‌ക്കെതിരെ കല്ലെറിയുകയുമായിരുന്നു.
യാദൃശ്ചികമായി ഇവിടെ എത്തിപ്പെട്ട അഫ്ഷാനെയും സംഘത്തെയും കണ്ടപ്പോള്‍ ഇവരും പ്രതിഷേധക്കാര്‍ക്കൊപ്പമുള്ള ആളുകളാണെന്ന് പോലീസ് തെറ്റിധരിക്കുകയും കൂട്ടത്തിലൊരാളെ അടിക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതയായ അഫ്ഷാന്‍ കല്ലെടുത്ത് പോലീസിനെ എറിയുകയായിരുന്നു. എന്നാല്‍ ഈ ചിത്രം പിന്നീട് വലിയ തോതില്‍ പ്രചരിക്കുകയായിരുന്നു.
അന്ന് സുരക്ഷാ സേനയ്‌ക്കെതിരെ കല്ലെറിഞ്ഞ അഫ്ഷാന്‍ ഇന്ന് വനിതാ ഫുട്‌ബോള്‍ ടീമിന്റെ ക്യാപ്റ്റനാണ്. മാത്രമല്ല ഫുട്‌ബോളിലേക്ക് എത്തുന്ന ചെറിയ കുട്ടികളെ പരിശീലിപ്പിക്കുകയും ചെയ്യുന്നു. 2019ല്‍ നടന്ന വുമണ്‍സ് ലീഗ് ഫുട്‌ബോള്‍ മത്സരത്തില്‍ കോലോപുര്‍ സിറ്റി ക്ലബ്ബിന് വേണ്ടി പങ്കെടുക്കുകയും ചെയ്തു. ഇപ്പോള്‍ ദേശീയ ടീമിലേക്കുള്ള പ്രവേശനം ലക്ഷ്യമിട്ട് നീങ്ങുകയാണ് അഫ്ഷാന്‍.
courtesy: DNA
Content Highlights: From stone pelter in Kashmir to professional footballer: Story of Afshan Ashiq
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..