സഞ്ജയ് ഗാന്ധി മുതല്‍ സൗന്ദര്യവരെ; പ്രമുഖരുടെ ജീവനെടുത്ത ആകാശ ദുരന്തങ്ങള്‍


രാജശേഖര റെഡ്ഡി, സഞ്ജയ് ഗാന്ധി, സൗന്ദര്യ

നിന്നനില്‍പ്പില്‍ പറയുന്നുയരാനും എവിടെ വേണമെങ്കിലും വന്നിറങ്ങാനും സാധ്യമാകുന്നതിനാല്‍ തിരക്കുപിടിച്ച ജീവിതം നയിക്കുന്നവരുടെ ഇഷ്ടവാഹനമാണ് ഹെലികോപ്റ്ററുകള്‍. രാഷ്ട്രീയ നേതാക്കള്‍ക്ക് ഒഴിച്ചുകൂടാനാവാത്ത ഹെലികോപ്റ്ററുകറും ചെറുവിമാനങ്ങളും രാജ്യത്തെ നിരവധി തവണ കണ്ണീരിലാഴ്ത്തിയ ചരിത്രമുണ്ട്. സഞ്ജയ് ഗാന്ധി മുതല്‍ തെന്നിന്ത്യന്‍ നടി സൗന്ദര്യ വരെയുള്ള അനേകം പ്രമുഖരാണ് ഇതിനോടകം രാജ്യത്ത് ഹെലികോപ്റ്റര്‍ അപകടങ്ങളില്‍ കൊല്ലപ്പെട്ടത്. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ വിയോഗത്തിലൂടെ രാജ്യം വീണ്ടുമൊരു ആകാശ ദുരന്തത്തിന്റെ ഞെട്ടലിലാണ്.

നിലവിലെ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ പിതാവും കോണ്‍ഗ്രസ് നേതാവുമായിരുന്ന മാധവ് റാവു സിന്ധ്യ, ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ്.രാജശേഖര റെഡ്ഡി തുടങ്ങിയവരും വ്യോമ അപകടങ്ങളില്‍ കൊല്ലപ്പെട്ടവരുടെ പട്ടികയിലുണ്ട്. ഹെലികോപ്റ്റര്‍-വിമാന അപകടങ്ങളില്‍ കൊല്ലപ്പെട്ട പ്രമുഖരാണ് ചുവടെ.

വൈ.എസ്.രാജശേഖര റെഡ്ഡി

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായിരുന്ന യെടുഗുരി സന്തിന്തി രാജശേഖര റെഡ്ഡി. 2009 സെപ്റ്റംബര്‍ രണ്ടിന് ആന്ധ്രപ്രദേശിലെ ചിറ്റൂരിലെ ഗ്രാമങ്ങളില്‍ സന്ദർശനം നടത്താനുള്ള യാത്രയ്ക്കിടയില്‍ രുദ്രകൊണ്ടയ്ക്കും റോപെന്റയ്ക്കും ഇടയില്‍ അദ്ദേഹം സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ അപകടത്തില്‍പെടുകയും കൊല്ലപ്പെടുകയുമായിരുന്നു.

കര്‍ണൂലില്‍ നിന്ന് 40 നോട്ടിക്കല്‍ മൈല്‍ അകലെ നല്ലമല വനത്തിലെ കുന്നിന്‍ മുകളില്‍ നിന്നായിരുന്നു മൃതദേഹം ലഭിച്ചത്. രാജശേഖര റെഡ്ഡിയും മറ്റു നാല് പേരും അപകടത്തില്‍ കൊല്ലപ്പെട്ടു. മോശം കാലവസ്ഥയെ തുടര്‍ന്ന് വനമേഖലയിലൂടെ സഞ്ചരിക്കുമ്പോള്‍ ഹെലികോപ്റ്റര്‍ മരത്തിലിടിക്കുകയും പൊട്ടിത്തെറിക്കുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. നിലവിലെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡി മകനാണ്.

സഞ്ജയ് ഗാന്ധി

കോണ്‍ഗ്രസിന്റെ തലപ്പത്തേക്ക് ഇന്ധിരാഗാന്ധിയുടെ പിന്തുടര്‍ച്ചക്കാരനായി എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന മകന്‍ സഞ്ജയ് ഗാന്ധി 1980-ലാണ് ഒരു വിമാനാപകടത്തില്‍ കൊല്ലപ്പെട്ടത്. ഡല്‍ഹി ഫ്‌ളെയിംഗ് ക്ലബ്ബിന്റെ പുതിയ വിമാനം പറത്തുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് തകര്‍ന്നുവീണാണ് സഞ്ജയ് ഗാന്ധി 1980 ജൂണ്‍ 23-ന് മരിക്കുന്നത്.

മാധവ് റാവു സിന്ധ്യ

കോണ്‍ഗ്രസ് നേതാവും മുന്‍ റെയില്‍വേ മന്ത്രിയുമായിരുന്നു മാധവ്‌റാവു സിന്ധ്യ. ഒമ്പത് തവണ ലോക് സഭയില്‍ അംഗമായിട്ടുണ്ട്. 2001-ല്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ജില്ലയിലെ ഭോഗാവ് തഹസില്‍ മോട്ട ഗ്രാമത്തിനടുത്തുള്ള വയലിലേക്ക് മാധവ് റാവു സിന്ധ്യ യാത്ര ചെയ്തിരുന്ന വിമാനം തകര്‍ന്നുവീഴുകയായിരുന്നു. നാല് മാധ്യമപ്രവര്‍ത്തകരും സിന്ധ്യയുമടക്കം എട്ടുപേരാണ് അന്നത്തെ അപകടത്തില്‍ മരിച്ചത്. പത്ത് സീറ്റുകളുള്ള ഇവര്‍ സഞ്ചരിച്ച വിമാനം കനത്ത മഴമൂലം മോശം കാലവസ്ഥയെ തുടര്‍ന്ന് നെല്‍വയലില്‍ തകര്‍ന്നുവീഴുകയായിരിന്നു.

ജി.എം.സി. ബാലയോഗി

ലോക്‌സഭാ സ്പീക്കറും തെലുങ്കുദേശം പാര്‍ട്ടി നേതാവുമായിരുന്ന ജി.എം.സി. ബാലയോഗി 2002 മാര്‍ച്ച് മൂന്നിന് ആന്ധപ്രദേശില്‍ വെച്ച് ഹെലികോപ്റ്റര്‍ തകര്‍ന്നാണ് മരിച്ചത്. പശ്ചിമ ഗോദാവരി ജില്ലയിലെ ഭീമവാരത്ത് നിന്ന് ബാലയോഗി സഞ്ചരിച്ച സ്വകാര്യ ഹെലികോപ്റ്റര്‍ കൃഷ്ണ ജില്ലയിലെ കൈകലൂരിനടുത്തുള്ള മത്സ്യക്കുളത്തില്‍ തകര്‍ന്നു വീഴുകയായിരുന്നു. ലോക്‌സഭാ സ്പീക്കറായിരിക്കെയായിരുന്നു അപകടം. അദ്ദേഹത്തിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി കെ എസ് രാജുവും ഹെലികോപ്റ്ററിന്റെ പൈലറ്റും അപകടത്തില്‍ മരിച്ചു.

ദോര്‍ജി ഖണ്ഡു

കോണ്‍ഗ്രസ് നേതാവും അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയുമായിരുന്ന ദോര്‍ജി ഖണ്ഡു 2011 ഏപ്രിലിലാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചത്. ഖണ്ഡുവും മറ്റ് നാലു പേരും സഞ്ചരിച്ചിരുന്ന പവന്‍ ഹാന്‍സ് ഹെലികോപ്റ്റര്‍ തവാങ്ങില്‍ നിന്ന് ഇറ്റാനഗറിലേക്കുള്ള യാത്രാമധ്യേ കാണാതായി.

അഞ്ചുദിവസം നീണ്ടുനിന്ന തിരച്ചിലിനൊടുവില്‍ 2011 മേയ് 4-ന് അരുണാചല്‍പ്രദേശ് -ഭൂട്ടാന്‍ അതിര്‍ത്തിയില്‍ നിന്നും ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുക്കുകയും മേയ് 5-ന് ഖണ്ഡുവിന്റേത് അടക്കമുള്ള യാത്രികരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു. നിലവിലെ അരുണാചല്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ പേമ ഖണ്ഡു മകനാണ്.

സൗന്ദര്യ

തെന്നിന്ത്യന്‍ നടി സൗന്ദര്യ 2004 ഏപ്രില്‍ ഏഴിനാണ് ബെംഗളൂരുവിലുണ്ടായ ഒരു വിമാനാപകടത്തില്‍ മരിച്ചത്. ബെംഗളൂരുവില്‍ നിന്ന് കരിംനഗറിലേക്ക് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോകുമ്പോഴായിരുന്നു അപകടം. ബിജെപി വാടകയ്‌ക്കെടുത്ത ഒരു സ്വകാര്യ ചെറുവിമാനത്തിലായിരുന്നു യാത്ര. വിമാനം പറന്നുയര്‍ന്ന ഉടന്‍ തീ പിടിക്കുകയും തകര്‍ന്നുവീഴുകയുമായിരുന്നു. സൗന്ദര്യയുടെ സഹോദരന്‍ അമര്‍നാഥ് അടക്കം മറ്റു മൂന്ന് പേരും കൊല്ലപ്പെട്ടു.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Dattatreya Hosabale

1 min

ബീഫ് കഴിച്ചവർക്ക് ഹിന്ദുമതത്തിലേക്ക് മടങ്ങിവരുന്നതിന് തടസ്സമില്ല- ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി

Feb 2, 2023

Most Commented