നിതിൻ ഗഡ്കരി |ഫോട്ടോ:ANI
ന്യൂഡല്‍ഹി: നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ചില പദ്ധതികളുടെ നിര്‍മാണ ചെലവ് ഗണ്യമായി കുറച്ചെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ലോക്സഭയില്‍ സംസാരിക്കുന്നതിനിടെയാണ് നിതിന്‍ ഗഡ്കരി ഇങ്ങനെ പറഞ്ഞത്. ബ്രഹ്മപുത്ര നദിക്ക് കുറുകെയുള്ള മജുലി പാലത്തിന്റെ നിര്‍മാണ ചെലവാണ് ഇതിനുദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്. മജൂലി പാലത്തിന്റെ നിര്‍മാണ ചെലവ് 6000 കോടി പ്രതീക്ഷിച്ചിരുന്നിടത്ത് 680 കോടിയായി കുറയ്ക്കാനായെന്നാണ് അദ്ദേഹം സഭയില്‍ പറഞ്ഞത്. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് എങ്ങനെ ഇത്രയും തുക കുറഞ്ഞെന്നും അദ്ദേഹം വിശദീകരിക്കുകയുണ്ടായി.
രണ്ട് തൂണുകള്‍ക്കിടയിലുള്ള ദൂരം 30 മീറ്ററില്‍ നിന്ന് 120 മീറ്ററാക്കുകയും മുകളിലെ ബീമുകളുടെ കാസ്റ്റിങ് ഉരുക്കിലും ഫൈബറിലും തീര്‍ത്തെന്ന് മന്ത്രി പറഞ്ഞു.
'ലോകോത്തര സാങ്കേതിക വിദ്യ ഉള്‍പ്പെടുത്തി നിര്‍മാണച്ചെലവ് കുറയ്ക്കാനും നിര്‍മാണത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനുമാണ് ഞങ്ങളുടെ ശ്രമം' ഗഡ്കരി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം നവംബറിലാണ് ബ്രഹ്മപുത്രയ്ക്ക് കുറുകെ 8.25 കിലോമീറ്റര്‍ നീളത്തിലുള്ള പാലത്തിന്റെ നിര്‍മാണം ആരംഭിച്ചത്. മജൂലിയേയും അസമിലെ ജോര്ഹട്ടിനേയും ബന്ധിപ്പിക്കുന്നതാണ് പാലം. ലഖ്നൗവിലെ യുപി സ്റ്റേറ്റ് ബ്രിഡ്ജ് കണ്‍സ്ട്രക്ഷന്‍ കോര്പ്പറേഷന് ലിമിറ്റഡിനാണ് പദ്ധതിയുടെ നിര്‍മാണ ചുമതല. നാല് വര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കാനാണ് കരാര്‍.
രാജ്യത്തുടനീളം റോഡുകളുടെ ശൃംഖല തീര്‍ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ബിജെപി എംപി തപിര്‍ ഗാവോ നിതിന്‍ ഗഡ്കരിയെ സ്പൈഡര്മാന് എന്ന് വിശേഷിപ്പിച്ചു.
ഇന്ത്യയിലെ റോഡുകള്‍ 2024-നുമുമ്പ് അമേരിക്കയിലെ റോഡുകള്‍ക്ക് സമാനമാക്കുമെന്നും ഗഡ്കരി ലോക്സഭയില്‍ പറയുകയുണ്ടായി. ദേശീയപാതാ വികസനത്തിന് ബോണ്ടുകള്‍ വഴി പണം സമാഹരിക്കുന്നതിനുള്ള പദ്ധതി ഉടന്‍ നടപ്പാക്കും. ദേശീയപാതയോരങ്ങളില്‍ സ്ത്രീകള്‍ക്കായി 650 ശൗചാലയങ്ങളും മുലയൂട്ടല്‍ കേന്ദ്രങ്ങളും സ്ഥാപിക്കും. ടോള്‍ പിരിക്കാന്‍ ജി.പി.എസ്. സംവിധാനം ഏര്‍പ്പെടുത്തും. 60 കിലോമീറ്ററിനുള്ളില്‍ മറ്റൊരു ടോള്‍ ബൂത്ത് അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. ഗതാഗതമന്ത്രാലയത്തിന്റെ ധനാഭ്യര്‍ഥനാ ചര്‍ച്ചകള്‍ക്ക് നല്കിയ മറുപടിയിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.
Content Highlights: From Rs 6,000 cr to Rs 680 cr, Nitin Gadkari explains how construction cost of Majuli bridge
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..