ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിക്കുകയും പരിഹാസ രൂപേണയുള്ള അടിക്കുറപ്പിടുകയും ചെയ്തതിന് അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് കനോജിയയ്‌ക്കെതിരെ പോലീസ് പുതിയ വകുപ്പുകള്‍ ചേര്‍ത്തു. ശനിയാഴ്ച രാവിലെയാണ് പ്രശാന്തിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.  

യോഗി ആദിത്യനാഥിനെ വിവാഹം കഴിക്കണമെന്നും അദ്ദേഹം താനുമായി ഒരു വര്‍ഷമായി വീഡിയോ കോള്‍ ചെയ്യാറുണ്ടെന്നും കാണ്‍പുര്‍ സ്വദേശിനി അവകാശവാദം ഉന്നയിക്കുന്ന വീഡിയോയാണ് പ്രശാന്ത് തന്റെ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളിലൂടെ ഷെയര്‍ ചെയ്തത്. ഇത് അപകീര്‍ത്തികരവും അവാസ്തവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രശാന്തിനെതിരെ കേസെടുത്തത്.  

പ്രശാന്തിന്റെ അറസ്റ്റിനെ നിയമത്തെ ദുരുപയോഗപ്പെടുത്തുന്ന പ്രവൃത്തിയായി രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ അപലപിച്ചിരുന്നു. എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയും പ്രശാന്തിന്റെ അറസ്റ്റിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. യോഗിയ്‌ക്കെതിരെ ആരോപണമുന്നയിച്ച സ്ത്രീയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.  

ചര്‍ച്ചാവേളയില്‍ യോഗിക്കെതിരെ ആരോപണമുന്നയിക്കുന്ന സ്ത്രീയുടെ വീഡിയോ സംപ്രേഷണം ചെയ്തതിന് നോയിഡയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്വകാര്യവാര്‍ത്താ ചാനലിന്റെ ഓഫീസ് രണ്ടു മാസത്തേക്ക് സീല്‍ ചെയ്യാന്‍ നോയിഡ സിറ്റി മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. ലൈസന്‍സില്ലാതെയാണ് ചാനല്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് പോലീസ് അറിയിച്ചു. ചാനല്‍ മേധാവിയേയും എഡിറ്ററേയും പോലീസ് അറസ്റ്റ്  ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരെ അപകീര്‍ത്തികരമായ വാജ്യപ്രചരണങ്ങള്‍ നടത്തുന്നത് പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ലെന്ന് നോയിഡ സിറ്റി മജിസ്‌ട്രേറ്റ് ആവര്‍ത്തിച്ചു വ്യക്തമാക്കി.

 

Content Highlights: Yogi Adityanath Defamation Social Media Journalist Arrested