ന്യൂഡൽഹി: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി ടെലിഫോണിൽ ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. അഫ്ഗാൻ പ്രതിസന്ധിയും ഇൻഡോ-പസഫിക് വിഷയവും ഇരുവരും ചർച്ച ചെയ്തതായി ഫ്രഞ്ച് പ്രസിഡന്റിന്റെ ഓഫീസിൽ നിന്ന് പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കി.

നിലവിലെ അഫ്ഗാനിസ്താൻ പ്രതിസന്ധിയെ ഇരുവരും ചർച്ച ചെയ്തു. അന്താരാഷ്ട്ര തീവ്രവാദികളുമായുള്ള ബന്ധം അധികാരത്തിലുള്ളവർ ഉപേക്ഷിക്കണം, അഫ്ഗാൻ ജനതയുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ സംഘടനകൾ പ്രവർത്തിപ്പിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റിന്റെ ഓഫീസിൽ നിന്ന് അറിയിച്ചു. 

അതേസമയം ഫ്രാൻസുമായുള്ള 40 ബില്യൺ ഡോളറിന്റെ ആണവ മുങ്ങിക്കപ്പൽ കരാറിൽ നിന്ന് ഓസ്ട്രേലിയ പിന്മാറിയിരുന്നു. ഇൻഡോ-പസഫിക് മേഖലയിൽ ചൈനയുടെ സ്വാധീനം തടയാൻ ലക്ഷ്യമിട്ട് ബ്രിട്ടനും യു.എസുമായുള്ള പുതിയ സുരക്ഷാ കരാറിന് പിന്നാലെയാണ് ഓസ്ട്രേലിയ ഫ്രാൻസുമായുള്ള കരാർ ഉപേക്ഷിച്ചത്. 

ഇതിന് പിന്നാലെ കടുത്ത നടപടിയിലേക്ക് ഫ്രാൻസ് നീങ്ങിയിരുന്നു. ഓസ്ട്രേലിയ, അമേരിക്ക എന്നിവിടങ്ങളിൽ ഉണ്ടായിരുന്ന സ്ഥാനപതിമാരെ ഫ്രാൻസ് തിരികെ വിളിച്ചിരുന്നു.

ഫ്രാൻസുമായി ഉണ്ടാക്കിയ 2016ലെ കരാറിൽ നിന്നാണ് ഓസ്ട്രേലിയ പിന്മാറിയത്. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രപ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്തിരുന്നു.

Content highlights: French President Emmanuel Macron discussed with PM Modi