ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്ര ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് തട്ടിപ്പ് സംഘം ആറ് ലക്ഷത്തോളം രൂപ പിന്‍വലിച്ചു. ഇതിനായി വ്യാജ ചെക്കുകളാണ് തട്ടിപ്പ് സംഘം ഉപയോഗിച്ചതെന്നും പോലീസ് അറിയിച്ചു. രാമക്ഷേത്ര നിര്‍മാണത്തിനായി ഫണ്ട് സ്വരൂപിക്കുന്നതിനായുള്ള അക്കൗണ്ടില്‍ നിന്നാണ് തട്ടിപ്പ് നടത്തിയത്.
വ്യാജ ചെക്കും വ്യാജ ഒപ്പും ഉപയോഗിച്ച് സെപ്തംബര്‍ ഒന്ന്, എട്ട് തിയതികളിലായി യഥാക്രമം 2.5 ലക്ഷം, 3.5 ലക്ഷം രൂപ വീതമാണ് പിന്‍വലിച്ചതെന്ന് അയോധ്യ ഡി.എസ്.പി രാജേഷ് കുമാര്‍ പറഞ്ഞു.
ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായി നല്‍കിയ പരാതിയില്‍ പോലീസ് അജ്ഞാതരായ സംഘത്തിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചെക്കുകളുടെ സീരിയല്‍ നമ്പറുകള്‍ പരിശോധിക്കുന്നതില്‍ വീഴ്ചയുണ്ടായിട്ടുണ്ട്. ബാങ്ക് ജീവനക്കാരുടെ അശ്രദ്ധയും പങ്കാളിത്തവുമുണ്ടോ എന്നത് സംബന്ധിച്ചുള്ള അന്വേഷണവും നടക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.
ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയുടേയും മറ്റൊരു ട്രസ്റ്റ് അംഗത്തിന്റേയും വ്യാജ ഒപ്പുകളാണ് ചെക്കുകളിലുണ്ടായിരുന്നത്. 9.86 ലക്ഷം രൂപയുടെ മറ്റൊരു വ്യാജ ചെക്ക് കൂടി ബുധനാഴ്ച എത്തിയതോടെ ബാങ്കില്‍ നിന്ന് ചമ്പത് റായിക്ക് വെരിഫിക്കേഷന്‍ കോള്‍ ലഭിച്ചു. ഇതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്.
Contenrt Highlights: Fraudsters steal Rs 6 lakh from Ram temple trust account using forged cheques