ന്യൂഡല്‍ഹി: കുംഭമേളയില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് നടത്തേണ്ടിയിരുന്ന കോവിഡ് പരിശോധനയിൽ ലാബുകളുടെ ഭാഗത്ത് നിന്ന് ക്രമക്കേടും അഴിമതിയുമുണ്ടായെന്ന് ഇഡി. ഇതാണ് പോസിറ്റീവിറ്റി റേറ്റിലെ അപാകതയ്ക്ക് കാരണമെന്ന് ഇ.ഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഉത്തരാഖണ്ഡിലെ കുംഭമേളയക്ക് മുന്നോടിയായി നടത്തിയ കോവിഡ് പരിശോധനാ റിപ്പോര്‍ട്ടുകളില്‍ വ്യാപകമായ ക്രമക്കേടും അഴിമതിയുമുണ്ടെന്ന് കാണിച്ച് സംസ്ഥാന പോലീസ് ഇ.ഡിക്ക് പരാതി നല്‍കിയിരുന്നു. 

പരിശോധന നടത്തിയെന്ന് പറയുന്ന പലരും കുംഭമേളയ്ക്ക് എത്തിയത് പോലുമില്ല. തെറ്റായ പരിശോധനാ റിപ്പോര്‍ട്ട് നല്‍കിയതോടെ 0.18 ശതമാനം പോസിറ്റിവിറ്റി നിരക്ക് മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത് 5.3 ശതമാനമായിരുന്നു. 

കുംഭമേളയ്ക്ക് മുന്നോടിയായി കോവിഡ് പരിശോധന നടത്താന്‍ അഞ്ച് ലാബുകളെയാണ് സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. എന്നാല്‍ കൃത്യമായി പരിശോധന നടത്താതെ വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്ത് ലാബുകള്‍ പണം തട്ടിയെന്നാണ് ഇ.ഡി പറയുന്നത്. ലാബുകളിലെ ചില ജീവനക്കാരുടെ വീടുകളില്‍ കഴിഞ്ഞ ദിവസം ഇ.ഡി പരിശോധന നടത്തിയിരുന്നു.

ടെസ്റ്റ് നടത്തിയതായി വ്യാജ രേഖയുണ്ടാക്കിയാണ് പണം തട്ടിയിരുന്നത്. വ്യാജ ബില്ലുകള്‍, മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍ തുടങ്ങിയവ അന്വേഷണസംഘം പിടിച്ചെടുത്തു. ലാബുകള്‍ക്ക് പരിശോധന നടത്തുന്നതിനായി ഇതുവരെ 3.4 കോടിയോളം രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരുന്നു.

Content highlights: fraud test reports by labs led to posItivity eror in Kumbh mela