ന്യഡല്‍ഹി: റാഫാല്‍ ഇടപാടില്‍ കഴിഞ്ഞ ദിവസത്തെ നിലപാടില്‍ നിന്ന് മുന്‍ ഫ്രഞ്ച് പ്രസ്ഡന്റ് ഫ്രാന്‍സ്വ ഒലാദ് പിന്നാക്കം പോയി. റിലയന്‍സിന്റെ കാര്യത്തില്‍ ഇന്ത്യ സമ്മര്‍ദ്ദം ചെലുത്തിയോ എന്ന കാര്യം തനിക്ക് അറിയില്ലെന്നും റഫാല്‍ കമ്പനിയാണ് അക്കാര്യം വിശദീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ ഫ്രാന്‍സിലെ ഒരു വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ റഫാല്‍ ഇടപാടില്‍ റിലയന്‍സിനെ പങ്കാളിയാക്കണമെന്ന് നിര്‍ദ്ദേശിച്ചത് ഇന്ത്യയാണെന്ന് ഫ്രാന്‍സ്വ ഒലാദ് പറഞ്ഞിരുന്നു. ഇത് ഇന്ത്യയില്‍ വലിയ രാഷ്ട്രീയ കോളിളക്കങ്ങള്‍ക്ക് കാരണമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് തന്റെ പ്രസ്താവനയെ വിശദീകരിച്ച് ഫ്രാന്‍സ്വ ഒലാദ് രംഗത്ത് വരുന്നത്. 

വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിക്ക് കാനഡയില്‍ വെച്ച് നല്‍കിയ അഭിമുഖത്തില്‍ റിലയന്‍സിനെ തിരഞ്ഞെടുക്കുന്നതില്‍ ഫ്രാന്‍സിന് ഒരു നിലപാടുമുണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ത്യയുടെ ഭാഗത്ത് നിന്ന് സമ്മര്‍ദ്ദമുണ്ടായോ എന്ന ചോദ്യത്തിന് ഇക്കാര്യം തനിക്ക് അറിയില്ലെന്ന് അദ്ദേഹം മറുപടി നല്‍കി.  ഇക്കാര്യത്തില്‍ വിശദീകരണം നല്‍കേണ്ടത് ദസോള്‍ട്ട് കമ്പനിയാണെന്നാണ് ഫ്രാന്‍സ്വ ഒലാദ് വിശദീകരിച്ചത്. ഇതൊരു നിലപാട് മാറ്റമായാണ് വിലയിരുത്തുന്നത്. 

അതേസമയം വിഷയത്തില്‍ ദസോള്‍ട്ട് കമ്പനി കഴിഞ്ഞ ദിവസം തന്നെ വിശദീകരണവുമായി രംഗത്ത് വന്നിരുന്നു. റഫാല്‍ ഇടപാട് സര്‍ക്കാരുകള്‍ തമ്മിലുള്ള കരാറാണെങ്കിലും ഇക്കാര്യത്തില്‍ സേവന പങ്കാളിയെ തീരുമാനിച്ചത് തങ്ങളാണെന്ന് ദസോള്‍ട്ട് ഏവിയേഷന്‍ വ്യക്തമാക്കിയിരുന്നു.