ന്യൂഡല്‍ഹി: കോവിഡ് കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനു മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കുന്നത് ആലോചനയിലാണെന്ന് കേന്ദ്ര ആരോഗ്യസഹമന്ത്രി ഭാരതി പ്രവിണ്‍ പവാര്‍. കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കാനുള്ള സുപ്രീം കോടതി നിര്‍ദേശം സര്‍ക്കാര്‍ പാലിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് ലോക്സഭയില്‍ മറുപടി നല്‍കുകയായിരുന്നു മന്ത്രി.

രാജ്യത്തെ കോവിഡ്-19-ന്റെ വ്യാപനവും, രോഗം മഹാമാരിയാണെന്ന ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപനവും കണക്കിലെടുത്ത് സംസ്ഥാന ദുരന്തപ്രതികരണ ഫണ്ടില്‍(എസ്.ഡി.ആര്‍.എഫ്.)നിന്ന് സഹായം നല്‍കുന്നതിനു ഇതൊരു ദുരന്തമായി കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി. 

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്കെല്ലാം നഷ്ടപരിഹാരം നല്‍കിയാല്‍ വന്‍ബാധ്യതയാവുമെന്നു പറഞ്ഞ് സര്‍ക്കാരിന് ഒഴിയാനാവില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. ഇത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. 

സര്‍ക്കാരിന്റെ വിഭവസ്രോതസ്സുകള്‍ക്ക് പരിധിയുണ്ടെന്നും കോവിഡ് തുടരുന്ന ദുരന്തമായതിനാല്‍ നാലുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനാവില്ലെന്നും കേന്ദ്രസര്‍ക്കാര്‍ ജൂലായ് 21-ന് സുപ്രീം കോടതിയില്‍ അറിയിച്ചിരുന്നു. നാലുലക്ഷത്തോളം പേര്‍ മരിച്ചതായും ചൂണ്ടിക്കാട്ടിയിരുന്നു.

2005-ലെ ദുരന്തനിവാരണ നിയമത്തിലെ ചട്ടം 12 പ്രകാരം ദേശീയ ദുരന്തത്തിനിരയാവുന്നവര്‍ക്ക് കുറഞ്ഞ ആശ്വാസം വ്യവസ്ഥ ചെയ്യുന്നുണ്ട്. 12(iii) പ്രകാരം ഇതില്‍ ആശ്രിതര്‍ക്കുള്ള നഷ്ടപരിഹാരവും ഉള്‍പ്പെടുമെന്ന് കോടതി ചൂണ്ടിക്കാട്ടി. ചട്ടം 12 നിര്‍ബന്ധിത വ്യവസ്ഥ അല്ലെന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്തയുടെ വാദവും കോടതി തള്ളിയിരുന്നു.

സര്‍ക്കാരിന് അവരുടേതായ മുന്‍ഗണനാക്രമങ്ങളും വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങളും മുന്നിലുണ്ട്. കോവിഡ് മഹാമാരി സാമ്പത്തികമേഖലയിലുണ്ടാക്കിയ ആഘാതവും പരിഗണിക്കണം. ആശ്രിതര്‍ക്കുള്ള നഷ്ടപരിഹാരം സര്‍ക്കാരിന് ബാധ്യതയുണ്ടാക്കുമെന്നത് വസ്തുതയാണ്. ഒരു രാജ്യത്തിനും അനന്തമായ വിഭവങ്ങളില്ല. സാഹചര്യങ്ങളും വസ്തുതകളും പരിശോധിച്ചേ അതിന്റെ വിതരണം സാധ്യമാവൂ. അതിനാല്‍ തുക എത്രയെന്നു സര്‍ക്കാരിനോട് നിര്‍ദേശിക്കുന്നത് ഉചിതമല്ല. അതും മുന്‍ഗണനകളും സര്‍ക്കാര്‍ നിശ്ചയിക്കണം -എന്നാണ് വിധി വായിച്ച് ജസ്റ്റിസ് എം.ആര്‍. ഷാ പറഞ്ഞത്. 

2020 ജനുവരി മുതല്‍ 2021 ജൂലായ് 22 വരെ രാജ്യത്തെ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 4,18,987 കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്. മരണനിരക്ക് കൃത്യമായി രേഖപ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും കര്‍ശനനിര്‍ദേശം നല്‍കിയിട്ടുണ്ട്.

Content Highlights: Framing guidelines for compensation to COVID victims under consultation