കോയമ്പത്തൂര്‍: കോയമ്പത്തൂര്‍-ആനക്കട്ടി റോഡില്‍ വെള്ളിയാഴ്ചയുണ്ടായ വാഹനാപകടത്തില്‍ നാല് യുവാക്കള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരപരിക്കേറ്റു. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ റോഡരികിലെ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു അപകടം.

സീരനായ്ക്കന്‍പാളയം സ്വദേശി ഇന്ദിരേശ്(22), പൂമാര്‍ക്കറ്റ് സ്വദേശിയായ കാര്‍ത്തിക് രാജു(22), കസ്തൂരിനായ്ക്കന്‍ പാളയം സ്വദേശി മോഹന്‍ ഹരി(23),വടകോവൈ സ്വദേശിയായ മണികണ്ഠന്‍(22) എന്നിവരാണ് മരിച്ചത്. വടകോവൈ സ്വദേശിയായ പ്രകാശ്(23) പരിക്കേറ്റ് ചികിത്സയിലാണ്. ഇവരില്‍ ഇന്ദരീശ്, പ്രകാശ് എന്നിവര്‍ ഹിന്ദുസ്ഥാന്‍ കോളേജ് വിദ്യാര്‍ഥികളും കാര്‍ത്തിക് രാജു, മോഹന്‍ ഹരി, മണികണ്ഠന്‍ എന്നിവര്‍ കോളേജിലെ മുന്‍ വിദ്യാര്‍ഥികളുമാണ്. 

കൗണ്ടംപാളയത്തുള്ള സുഹൃത്ത് വെങ്കിടേഷിന്റെ പിറന്നാളോഘോഷത്തില്‍ പങ്കെടുത്ത് യുവാക്കള്‍ മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ഇന്ദിരേശാണ് കാറോടിച്ചിരുന്നത്. അശ്രദ്ധമായി വാഹനമോടിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമികനിഗമനം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു. നാലുപേരും സംഭവസ്ഥലത്തു തന്നെ മരിച്ചു. പരിക്കേറ്റ പ്രകാശ് കോയമ്പത്തൂര്‍ സിഎംസിഎച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്.