ഭയാന്ദര്‍(മുംബൈ): മുംബൈയ്ക്ക് സമീപം ഭയാന്ദറിൽ നാലു വയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം ചതുപ്പിൽ താഴ്ത്തി.

 സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. കുറ്റകൃത്യത്തിലുള്‍പ്പെട്ട നാലാമന്‍ ഒളിവിലാണ്.

ചോക്കലേറ്റ് കാണിച്ചാണ് സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു.

ഈ മാസം ഒമ്പതിന് ആസാദ് നഗറിലെ വീടിനടുത്തുവെച്ചാണ് നാല്‍വര്‍ സംഘം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. രണ്ട് ദിവസത്തിന് ശേഷമാണ് കുട്ടിയുടെ മൃതശരീരം ചതുപ്പിൽ നിന്ന് ലഭിക്കുന്നത്.

കുട്ടിയെ കാണാതായതിന് തൊട്ടടുത്ത ദിവസം മാതാപിതാക്കള്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി ബലാല്‍സംഗം ചെയ്യപ്പെട്ടിട്ടുണ്ടെന്നും തലയ്ക്ക് അടിയേറ്റിട്ടുണ്ടെന്നും പരാമര്‍ശമുണ്ടായിരുന്നു.

കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഒരു ചതുപ്പില്‍ താഴ്ത്തിയ പ്രതികള്‍ നേരെ പോയത് സമീപത്തെ ഒരു ഹോട്ടലില്‍ സമൃദ്ധമായി ഭക്ഷണം കഴിക്കാനായിരുന്നെന്നും പോലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധമുള്ളയാളാണ് മുഖ്യപ്രതിയെന്നാണ് പോലീസ് കരുതുന്നത്.