പനാജി: കോണ്‍ഗ്രസില്‍നിന്നു കൂറുമാറിയെത്തിയ മൂന്നുപേരുള്‍പ്പെടെ നാല് എം.എല്‍.എ.മാരെ ചേര്‍ത്ത് ഗോവ മന്ത്രിസഭ വികസിപ്പിച്ചു. കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറിയെത്തിയ പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കവ്‌ലേകര്‍, ജെന്നിഫര്‍ മോണ്‍സെരാട്ടെ, ഫിലിപെ നെരി റോഡ്രിഗസ് എന്നിവരും ഡെപ്യൂട്ടി സ്പീക്കറായിരുന്ന മൈക്കല്‍ ലോബോയുമാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ചന്ദ്രകാന്ത് കവ്‌ലേകര്‍ ഉപമുഖ്യമന്ത്രിയായാണ് സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നത്. ഗോവ രാജ്ഭവനില്‍ വെച്ചായിരുന്നു സത്യപ്രതിജ്ഞ. 

ചന്ദ്രകാന്ത് കവ്‌ലേകറിന്റെ നേതൃത്വത്തില്‍ 10 കോണ്‍ഗ്രസ് എം.എല്‍.എ.മാര്‍ ബുധനാഴ്ചയാണ് ബിജെപിയിലേക്ക് കൂറുമാറിയെത്തിയത്. 10 കോണ്‍ഗ്രസ് എം.എല്‍.എ.മാരെ ബി.ജെ.പി.യിലേക്കു മാറ്റുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതു ലോബോയാണ്. നാല്പതംഗ നിയമസഭയില്‍ കോണ്‍ഗ്രസിന്റെ അംഗബലം ഇതോടെ അഞ്ചായിച്ചുരുങ്ങി. ബി.ജെ.പി.യുടേതാകട്ടെ 27 ആയി ഉയരുകയും ചെയ്തു.

പുതിയവരെ ഉള്‍പ്പെടുത്താനായി ഇപ്പോഴത്തെ നാലു മന്ത്രിമാരെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.  ബി.ജെ.പി.യുടെ സഖ്യകക്ഷിയായ ഗോവ ഫോര്‍വേഡ് പാര്‍ട്ടിയിലെ (ജി.എഫ്.പി.) മന്ത്രിമാരും സ്വതന്ത്ര അംഗവും റവന്യൂ മന്ത്രിയുമായ റോഹന്‍ ഖൗണ്ടെയുമാണ് പുറത്തായത്. 

മന്ത്രിമാരെ പുറത്താക്കിയ നടപടിയില്‍ ജി.എഫ്.പി. അംഗവും മന്ത്രിസഭയില്‍ നിന്ന് പുറത്താക്കപ്പെട്ടയാളുമായ വിജയ് സര്‍ദേശായി രൂക്ഷമായ വിമര്‍ശമാണ് ഉയര്‍ത്തിയത്. റഷ്യയില്‍ സ്റ്റാലിന്റെ മരണത്തിന് ശേഷം എത്തിയ ക്രൂഷ്‌ചേവ് നടപ്പാക്കിയ ഡി സ്റ്റാലിനേഷനോടാണ് ഗോവയിലെ പുതിയ സംഭവ വികാസത്തെ വിജയ് സര്‍ദേശായി ഉപമിച്ചത്. അന്തരിച്ച മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ പൈതൃകത്തെ പൂര്‍ണമായും തുടച്ചുനീക്കാനാണ് നിലവിലെ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ നീക്കമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.  

ബിജെപി തങ്ങളെ പിന്നില്‍നിന്ന് കുത്തിയെന്നും അദ്ദേഹം ആരോപിച്ചു. 2017 ഫെബ്രുവരിയില്‍ സര്‍ക്കാരുണ്ടാക്കിയ അന്നുമുതല്‍ ബി.ജെ.പി.യുടെ സഖ്യകക്ഷിയാണ് പ്രാദേശിക പാര്‍ട്ടിയായ ജി.എഫ്.പി.

Content Highlights: Four new ministers inducted in Goa Cabinet