മടിക്കേരി: കനത്ത മഴയെ തുടര്‍ന്ന് കര്‍ണാടകത്തിലെ കൊടക് ജില്ലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ നാലു പേരെ കാണാതായി. രണ്ട് വീടുകള്‍ തകരുകയും ചെയ്തു. ബുധനാഴ്ച അര്‍ധരാത്രിയാണ് ബ്രഹ്മഗിരി മലനിരകളുടെ ഭാഗമായ തലക്കാവേരിയില്‍ ഉരുള്‍ പൊട്ടലുണ്ടായത്.
തലക്കാവേരി ക്ഷേത്രത്തിലെ പൂജാരിമാര്‍ താമസിക്കുന്ന രണ്ട് വീടുകളാണ് ഉരുള്‍പൊട്ടലില്‍ തകര്‍ന്നതെന്ന് ജില്ലാ കളക്ടര്‍ പ്രസ്താവനയില്‍ അറിയിച്ചു. വീടുകളിലൊന്നില്‍ ഉണ്ടായിരുന്ന നാലു പേരെയാണ് കാണാതായത്. ദേശീയ ദുരന്തനിവാരണ സേനയുടെ ഒരു സംഘം സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം കൊടക് ജില്ലയിലടക്കം കര്‍ണാടകത്തില്‍ കനത്ത മഴയാണ് ലഭിച്ചത്. കൊടകിനെ കൂടാതെ ഉഡുപ്പി, ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ചിക്കമംഗളൂര്‍, ശിവമോഗ, ഹാസ്സന്‍ തുടങ്ങിയ ജില്ലകളില്‍ അടുത്ത ദിവസങ്ങളില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കനത്ത മഴയുടെ സാഹചര്യത്തില്‍ മുഖ്യമന്ത്രി യദ്യൂരപ്പയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 50 കോടി രൂപ നീക്കിവെച്ചതായും സര്‍ക്കാര്‍ അറിയിച്ചു.
Content Highlights: Four missing, 2 houses damaged as landslide hits Karnataka's Kodagu district