അഹമ്മദാബാദ്: വിവാഹിതനുമായി ബന്ധം ആരോപിച്ച് 30 വയസ്സുകാരിയുടെ തല മുണ്ഡനം ചെയ്തുവെന്ന പരാതിയില്‍ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ സബര്‍കന്ദ് ജില്ലയിലെ സഞ്ചേരി ഗ്രാമത്തിലാണ് സംഭവം. സംഭവവത്തില്‍ നാല് പുരുഷന്മാരും രണ്ട് യുവതികളുമാണ് അറസ്റ്റിലായത്. വദാന്‍ഷിഷ് ചൗഹാന്‍, രാജുജി ചൗഹാന്‍, കലുസിന്‍ ചൗഹാന്‍, രാഗേഷ് സിന്‍ ചൗഹാന്‍, സുരേഖാ ചൗഹാന്‍, സോനാല്‍ ചൗഹാന്‍ എന്നിവരെ അറസ്റ്റ് ചെയ്തതായി സബ് ഇന്‍സ്‌പെക്ടര്‍ ജനി പറഞ്ഞു.

സഞ്ചേരി ഗ്രാമത്തില്‍ താമസിക്കുന്ന നാല് കുട്ടികളുള്ള അമ്മയായ യുവതിയെ ആക്രമിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. അവരുടെ ഭര്‍ത്താവ് നേരത്തെ മരിച്ചിരുന്നു. വിവാഹിതനായ ഒരാളുമായി ബന്ധം ആരോപിച്ചാണ് പ്രതികള്‍ ഇവരെ ആക്രമിച്ചതെന്ന് സബ് ഇന്‍സ്‌പെക്ടര്‍ കൂട്ടിച്ചേര്‍ത്തു.

പ്രതികളില്‍ ഒരാളുടെ സഹോദരി ഭര്‍ത്താവിനെയും യുവതിയെയും ചേര്‍ത്ത് ബന്ധം ആരോപിച്ചാണ് ആക്രമിച്ചത്. ജുലായ് 30ന് ബാങ്ക് ആവശ്യത്തിന് യുവതി പോയി മടങ്ങി വരുമ്പോള്‍ അദ്ദേഹം ബൈക്കില്‍ ലിഫ്റ്റ് നല്‍കിയിരുന്നു. എന്നാല്‍ വഴിയില്‍ വെച്ച് പ്രതികള്‍ ഇത് കാണുകയും ബൈക്ക് നിര്‍ത്തി ആക്രമിക്കുകയുമായിരുന്നു. പിന്നീട് യുവതിയുടേയും യുവാവിന്റെയും തല മുണ്ഡനം ചെയ്ത് വിട്ടയക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയതിന് പിന്നാലെ തന്നെ പ്രതികളെ പിടികൂടിയെന്ന് പോലീസ് പറഞ്ഞു.

 

Content Highlights: Four men and two women were arrested allegedly tonsuring a 30-year-old widow