അമരാവതി: ആന്ധ്രപ്രദേശില്‍ ചുണ്ണാമ്പ്കല്ല് ക്വാറിയിലുണ്ടായ സ്‌ഫോടനത്തില്‍ നാല് പേര്‍ മരിച്ചു. കടപ്പ ജില്ലയിലെ ഒരു ക്വാറിയില്‍ നടന്ന സ്‌ഫോടനത്തിലാണ് നാല് തൊഴിലാളികള്‍ മരിച്ചതെന്ന് പോലീസ് അറിയിച്ചു. മൃതദേഹങ്ങള്‍ ഛിന്നിഭിന്നമായതിനാല്‍ മരിച്ചവരുടെ കൃത്യമായ എണ്ണം വ്യക്തമല്ലെന്നും മരണസംഖ്യ കൂടുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

കടപ്പയിലെ പ്രാന്തപ്രദേശമായ മാമില്ലപ്പള്ളി ഗ്രാമത്തിലെ ഒരു ക്വാറിയില്‍ ജലാറ്റിന്‍ സ്റ്റിക്കുകള്‍ ഇറക്കുന്നതിനിടെയാണ് അപകടം നടന്നതെന്ന് കടപ്പ എസ്.പി.കെ.അന്‍ബുരാജന്‍ പറഞ്ഞു.

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ വാഹനം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ബുദ്‌വേലില്‍ നിന്ന് കൊണ്ടുവന്ന ജലാറ്റിന്‍ സ്റ്റിക്കുകളാണ് പൊട്ടിത്തെറിച്ചത്. 'ക്വാറിക്ക് ലൈസന്‍സുണ്ടായിരുന്നു. അംഗീകൃതമായിട്ട് തന്നെയാണ് ജലാറ്റിന്‍ സ്റ്റുക്കുകള്‍ കൊണ്ടുവന്നത്. വാഹനത്തില്‍ നിന്ന് ഇറക്കുന്നതിനിടെയാണ് അപകടം നടന്നത്. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല' കടപ്പ എസ്പി പറഞ്ഞു. സംഭവത്തില്‍ ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്.ജഗന്‍മോഹന്‍ റെഡ്ഡി അന്വേഷണത്തിന് ഉത്തരവിട്ടു.