മരിച്ച തില്ലൈകുമാർ,പ്രിയ,ശെൽവി
കോയമ്പത്തൂര്‍: തമിഴ്നാട്ടിലെ നാമക്കല്‍ മോഹനൂരില്‍ വീട്ടില്‍ സൂക്ഷിച്ച പടക്കത്തിന് തീപിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേരുള്‍പ്പെടെ നാലുപേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പൊള്ളലേറ്റു. പടക്കക്കട ഉടമയും വീട്ടുടമസ്ഥനുമായ തില്ലൈ കുമാര്‍ (35), ഭാര്യ പ്രിയ (25), ഭാര്യാമാതാവ് ശെല്‍വി (60), അയല്‍ക്കാരി പെരിയക്ക (72) എന്നിവരാണ് മരിച്ചത്. തില്ലൈകുമാറിന്റെ മകള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു.
തില്ലൈ ഫയര്‍ വര്‍ക്സ് ഉടമയായ തില്ലൈകുമാര്‍ പുതുവത്സരാഘോഷത്തിന് വില്ക്കാന് വീട്ടില്‍ സൂക്ഷിച്ചിരുന്ന പടക്കമാണ് പൊട്ടിത്തെറിച്ചത്. മകള്‍ക്ക് പാല് കാച്ചാന്‍ ശനിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെ ഗ്യാസ് അടുപ്പ് കത്തിക്കുന്നതിനിടെ തീ പടര്‍ന്നതാണ് പൊട്ടിത്തെറിക്ക് കാരണമെന്ന് പറയുന്നു. ഏതാണ്ട് ഒരു ടണ്ണോളം നാടന്‍ പടക്കയിനങ്ങളാണ് അനധികൃതമായി ഇവിടെ സൂക്ഷിച്ചിരുന്നത്.
തീ പടരുന്നതിനിടെ കുട്ടിയെ വീടിനുപുറത്താക്കി വീണ്ടും സാധനങ്ങള്‍ എടുത്ത് മടങ്ങുന്നതിനിടയാണ് പൊട്ടിത്തെറിയുണ്ടായത്. സ്ഫോടനത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നു. അഗ്നിരക്ഷാസേനാവിഭാഗം മണിക്കൂറുകള്‍ പരിശ്രമിച്ചാണ് തീയണച്ചത്. സ്ഫോടനത്തിന്റെ ആഘാതത്തില്‍ തൊട്ടടുത്ത മറ്റൊരു വീട് ഇടിഞ്ഞുവീണാണ് പെരിയക്ക മരിച്ചത്. സ്ഫോടനമുണ്ടായ വീടിനു ചുറ്റുമുള്ള അന്‍പതോളം വീടുകള്‍ക്ക് വിള്ളലുണ്ടായതിനെത്തുടര്‍ന്ന് ഇവിടെയുള്ളവരെ താത്കാലികമായി മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. തൊട്ടടുത്ത സ്കൂളില്‍ ഇവര്‍ക്ക് ഭക്ഷണവും മറ്റും ഏര്‍പ്പെടുത്തി. പരിക്കേറ്റ മറ്റുള്ളവരുടെ നില ഗുരുതരമല്ല.
വിവരമറിഞ്ഞ് വനംവകുപ്പ് മന്ത്രി ഡോ. മതിവേന്ദന്, കെ.പി.എന്‍. രമേഷ് എം.പി., പി. രാമലിംഗം എം.എല്‍.എ. എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. നാമക്കല്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ളവരെയും മന്ത്രിയും സംഘവും സന്ദര്‍ശിച്ചു. മോഹനൂര്‍ പോലീസ് കേസെടുത്തു. ജില്ലാ പോലീസ് മേധാവി ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി.
രണ്ടുലക്ഷംവീതം സഹായം
ചെന്നൈ: നാമക്കലില്‍ പടക്കം സൂക്ഷിച്ച വീട്ടിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷംരൂപവീതം സഹായധനം നല്‍കുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് അറിയിച്ചു.
പരിക്കേറ്റവര്‍ക്ക് 50,000 രൂപവീതം നല്‍കും. സംഭവത്തില്‍ സ്റ്റാലിന് അനുശോചനം പ്രകടിപ്പിച്ചു.
Content Highlights: four killed in a fire cracker blast in namakkal tamilnadu
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..