കൊല്‍ക്കത്ത:  ഐസ് അനുകൂല തീവ്രവാദസംഘടനയായ നിയോ-ജമാഅത്ത്-ഉള്‍-മുജാഹിദീന്‍ ബംഗ്ലാദേശ് പ്രവര്‍ത്തകരായ നാല് പേരെ കൊല്‍ക്കത്ത പോലീസിന്റെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് അറസ്റ്റ് ചെയ്തു. മൂന്ന് ബംഗ്ലാദേശികളും ഒരിന്ത്യക്കാരനുമാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് മൊബൈല്‍ ഫോണും മറ്റ് രേഖകളും കണ്ടെത്തിയിട്ടുണ്ട്. 

മുഹമ്മദ് ജിയാവുര്‍ റഹ്മാന്‍, മമോനൂര്‍ റഷീദ് എന്നിവരെ സീല്‍ദാ റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും മുഹമ്മദ് സഹീന്‍ ആലം, റോബിയുള്‍ ഇസ്ലാം എന്നിവരെ ഹൗറാ സ്‌റ്റേഷനില്‍ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. ബംഗ്ലാദേശില്‍ അറസ്റ്റ് ഭയന്ന് ഇന്ത്യയില്‍ അഭയം തേടിയവരാണ് അറസ്റ്റിലായ മൂന്ന് പേര്‍. സംഘടനയ്ക്ക് വേണ്ടിയുള്ള റിക്രൂട്ട്‌മെന്റ് പ്രവര്‍ത്തനങ്ങളും ധനസമാഹരണവും നടത്തിവരികയായിരുന്നു ഇവരെന്ന് പോലീസ് അറിയിച്ചു.  

ജമാഅത്ത്-ഉള്‍-മുജാഹിദീന്‍ ബംഗ്ലാദേശിന്റെ വിമത വിഭാഗമായ നിയോ ജെഎംബി തീവ്രവാദി സംഘടനയായ ഐഎസിന്റെ സംരക്ഷണത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ബംഗ്ലാദേശിലും ഇന്ത്യയിലും നിരോധിക്കപ്പെട്ട സംഘടനയാണ് ജെഎംബി. സോഷ്യല്‍ മീഡിയ വഴി സംഘടനാ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയായിരുന്നു അറസ്റ്റിലായവരെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. 

 

Content Highlights: ISIS JMB Arrest West Bengal