പ്രതീകാത്മക ചിത്രം
ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അണ്ഡം വിറ്റ കേസില്‍ ഉള്‍പ്പെട്ട തമിഴ്നാട്ടിലെ നാല് ആശുപത്രികള്‍ പൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. സുധ ആശുപത്രിയുടെ ഈറോഡ്, സേലം എന്നിവിടങ്ങളിലുള്ള ശാഖകള്‍, ഈറോഡ് പെരുന്തുറൈയിലുള്ള രാമപ്രസാദ് ആശുപത്രി, ഹൊസൂരിലുള്ള വിജയ് ആശുപത്രി എന്നിവയാണ് അടയ്ക്കുന്നത്.
15 ദിവസത്തിനുള്ളില്‍ രോഗികളെ മുഴുവന്‍ ഇവിടെനിന്ന് മാറ്റി പ്രവര്‍ത്തനം അവസാനിപ്പിക്കാനാണ് നിര്‍ദേശം നല്‍കിയതെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യന്‍ പറഞ്ഞു.
കേസില്‍ ഉള്‍പ്പെട്ട തിരുവനന്തപുരത്തെ ഒരു ക്ലിനിക്കിനും തിരുപ്പതിയിലുള്ള ടെസ്റ്റ്ട്യൂബ് സെന്ററിനുമെതിരേ നടപടിയെടുക്കാന്‍ കേരള, ആന്ധ്ര സര്‍ക്കാരുകളോട് നിര്‍ദേശിച്ചിട്ടുണ്ട്. നിയമം പാലിക്കാതെയാണ് ആശുപത്രികളില്‍ അണ്ഡം കൈമാറ്റം നടന്നതെന്ന് ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ സര്‍വീസസ് (ഡി.എം.എസ്.) നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രികള്‍ക്കെതിരേ നടപടിയെടുത്തതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ മാസമാണ് ഈറോഡുള്ള 16-കാരിയുടെ അണ്ഡം വിറ്റ സംഭവം പുറത്തുവന്നത്. പെണ്‍കുട്ടിയുടെ അമ്മ, അവരുടെ ആണ്‍സുഹൃത്ത്, ഇടനിലക്കാരിയായി പ്രവര്‍ത്തിച്ച സ്ത്രീ, വ്യാജരേഖ ചമച്ചയാള്‍ എന്നിവര്‍ പിടിയിലായിട്ടുണ്ട്.
കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ എട്ടുതവണ പെണ്‍കുട്ടിയുടെ അണ്ഡം വിറ്റുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. തിരുവനന്തപുരത്തെയടക്കം ആറ് ആശുപത്രികളിലായിരുന്നു അണ്ഡം കൈമാറ്റം ചെയ്തത്.
വിവാഹിതയായ, ഒരിക്കല്‍ പ്രസവിച്ചിട്ടുള്ള 21 വയസ്സിനും 35 വയസ്സിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കാണ് അണ്ഡം ദാനം ചെയ്യാന്‍ അനുമതിയുള്ളത്. വ്യാജ ആധാര്‍ കാര്‍ഡുണ്ടാക്കിയും പെണ്‍കുട്ടി വിവാഹിതയാണെന്ന് രേഖയുണ്ടാക്കിയുമാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്.
20,000 രൂപയ്ക്കാണ് ഓരോ തവണയും അണ്ഡം വിറ്റത്. ഇതില്‍ 5,000 രൂപ ഇടനിലക്കാരിക്കു നല്‍കി. അമ്മയുടെ സുഹൃത്ത് പെണ്‍കുട്ടിയെ പല തവണ ലൈംഗികമായി പീഡിപ്പിച്ചതായും തെളിഞ്ഞിട്ടുണ്ട്.
Content Highlights: four hospitals face action for illegal sale of 16-year-old girl's eggs
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..