ഭോപ്പാല്‍: മധ്യപ്രദേശില്‍ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത് നാല് ബലാല്‍സംഗ കേസുകള്‍. ഭോപ്പാല്‍, റായ്‌സെന്‍ ജില്ലകളിലായാണ് നാല് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രണ്ട് സംഭവങ്ങളില്‍ പീഡനത്തിനിരയായത് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണ്‌.

തിങ്കളാഴ്ച രാത്രിയോടെ റായിസെന്‍ ജില്ലയിലെ മുര്‍പാര്‍ ഗ്രാമത്തില്‍ 15 വയസുകാരിയെ പീഡിപ്പിച്ചതാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഈ കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 

കേസിലെ പ്രതികളായ രവി ശങ്കര്‍ ലോധി, ഗംഗ പ്രസാദ് ലോധിയും ചേര്‍ന്ന് പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് ഒരു കുടിലിലേക്ക് കൊണ്ടുപോയ ശേഷം പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ബോധം നഷ്ടപ്പെട്ട കുട്ടിയെ അവിടെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. അടുത്ത ദിവസമാണ് പീഡന വിവരം വീട്ടുകാര്‍ അറിയുന്നത്. 

രണ്ടാമത്തെ സംഭവം ചൊവ്വാഴ്ച രാവിലെയാണ് റിപ്പോര്‍ട്ട് ചെയ്തത്. 17 കാരിയായ പെണ്‍കുട്ടിയെ രണ്ടുപേര്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്യുകയായിരുന്നു. ഗെലോണ്‍ എന്ന ഗ്രാമത്തിലാണ് സംഭവം. 

വീട്ടില്‍ തനിച്ചായിരുന്ന പെണ്‍കുട്ടിയെ അയല്‍വാസികളായ രാമു, ബില്ല എന്നിവര്‍ ചേര്‍ന്ന് വനമേഖലയിലേക്ക് കൊണ്ടുപോകുകയും മദ്യം കുടിപ്പിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നെന്ന്  കേസന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. പ്രതികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

18-കാരിയെ അഞ്ചുപേര്‍ ചേര്‍ന്ന് കൂട്ടബലാല്‍സംഗ ചെയ്താണ് മൂന്നാമതായി റിപ്പോര്‍ട്ട് ചെയ്ത കേസ്. വീടിന്റെ ടെറസില്‍ കിടന്നുറങ്ങുകയായിരുന്ന യുവതിയെ അഞ്ച് പേരടങ്ങുന്ന സംഘം തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. 

പിന്നീട് യുവതിയെ ഗ്രാമത്തിന്റെ പുറത്ത് ഉപേക്ഷിച്ച് സംഘം കടന്നുകളയുകയായിരുന്നു. ഇതില്‍ ഇമ്രാന്‍ ഖാന്‍ എന്നയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റ് പ്രതികളെ പിടികൂടാന്‍ പോലീസിനായില്ല. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ശക്തമായി പ്രക്ഷോഭം നടത്തുമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ പോലീസിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

യുവതിയെ ഭോപ്പാലിലെ ഹോട്ടലില്‍ വെച്ച് പീഡിപ്പിച്ചതാണ് നാലാമതായി റിപ്പോര്‍ട്ട് ചെയ്ത സംഭവം. സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്നാമനായി അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. 

ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന ബന്ധുവായ യുവതിയുടെ ഉറപ്പിനെ തുടര്‍ന്നാണ് യുവതി ഭോപ്പാലില്‍ എത്തുന്നത്. ഇവരെ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കൂട്ടാനും ഹോട്ടലില്‍ മുറി എടുത്ത് നല്‍കാനും ബന്ധു തന്റെ സുഹൃത്തിനെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍, ഹോട്ടലില്‍ എത്തിയതിന് ശേഷം ഇയാളുടെ രണ്ട് സുഹൃത്തുക്കളും മുറിയിലേക്ക്‌ വരികയും യുവതിയെ പീഡിപ്പിക്കുകയുമായിരുന്നു. 

തുടര്‍ന്ന് പ്രതികളായ താക്കുര്‍, മോനു ശര്‍മ എന്നിവര്‍ യുവതിയെ ഹോട്ടലില്‍ നിന്ന് മാറ്റുന്നതിനായി വാഹനത്തില്‍ പോകും വഴി പോലീസിന്റെ വാഹനപരിശോധനക്കിടെ ഇവരെ ചോദ്യം ചെയ്യുകയും, മൊഴികളില്‍ വൈരുധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. 

മൂന്നാമത്തെ സംഭവം നടന്നത് ശനിയാഴ്ചയായിരുന്നു. എന്നാല്‍, തിങ്കളാഴ്ചയാണ് പോലീസില്‍ പരാതി നല്‍കിയത്. തിങ്കള്‍ ചൊവ്വ ദിവസങ്ങളിലായാണ് ഈ നാല് കേസുകളും പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തത്.