ലഖിംപുര്‍: ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ക്കിടയിലേക്ക് ഓടിച്ചുകയറ്റിയ വണ്ടിയിലുണ്ടായിരുന്ന ബിജെപി നേതാവ് ഉള്‍പ്പെടെ നാല് പേരെ കൂടി യുപി പോലീസ് അറസ്റ്റ് ചെയ്തു.

പ്രതികളായ സുമിത് ജയ്സ്വാള്‍, ശിശുപാല്‍, നന്ദന്‍ സിംഗ് ബിഷ്ത്, സത്യ പ്രകാശ് ത്രിപാഠി എന്നിവരെ ലഖിംപുര്‍ ഖേരി പോലീസും ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക സംഘവും സംയുക്തമായാണ് അറസ്റ്റ് ചെയ്തത്. സത്യപ്രകാശ് ത്രിപാഠിയില്‍ നിന്ന് ലൈസന്‍സുള്ള റിവോള്‍വറും മൂന്ന് വെടിയുണ്ടകളും കണ്ടെടുത്തതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പ്രശാന്ത് കുമാര്‍ പറഞ്ഞു.

സംഭവത്തില്‍ കാര്‍ ഡ്രൈവര്‍, ഒരു സുഹൃത്ത്, രണ്ട് ബിജെപി പ്രവര്‍ത്തകര്‍ എന്നിവര്‍ ചില കര്‍ഷകരുടെ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ടതായി ആരോപിച്ച് ഇപ്പോള്‍ അറസ്റ്റിലായ പ്രാദേശിക ബിജെപി നേതാവ് സുമിത് ജയ്സ്വാള്‍ പരാതി നല്‍കിയിരുന്നു. സമരം ചെയ്തവരുടെ കനത്ത കല്ലേറില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം നഷ്ടപ്പെടുകയും കര്‍ഷകരെ അബദ്ധത്തില്‍ ഇടിക്കുകയുമായിരുന്നുവെന്നാണ് സുമിത്തിന്റെ വാദം. കര്‍ഷകര്‍ക്കിടയിലേക്ക് ഇടിച്ചുകയറിയ വാഹനത്തില്‍ നിന്ന് സുമിത്ത് രക്ഷപ്പെടുന്നത് കാണാവുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 

ഒക്ടോബര്‍ 3-നാണ് നാല് കര്‍ഷകരുടെയും ഒരു പത്രപ്രവര്‍ത്തകന്റെയും ദേഹത്തേക്ക്‌ വാഹനവ്യുഹം പാഞ്ഞുകയറുന്നത്. അതിലൊന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടേതായിരുന്നു. അജയ് മിശ്രയുടെ മകന്‍ ആശിഷിനെ ഒക്ടോബര്‍ 9ന് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. കര്‍ഷകരുടെ നേര്‍ക്ക് ഓടിച്ചുകയറ്റിയ വാഹനത്തില്‍ ആശിഷ് മിശ്രയും ഉണ്ടായിരുന്നുവെന്ന് മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു. പിന്നീട് സുപ്രീം കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് 12 മണിക്കൂര്‍ പോലീസ് ചോദ്യം ചെയ്യലിന്‌ ശേഷമായിരുന്നു അറസ്റ്റ്. എന്നാല്‍ കൊലപാതകങ്ങള്‍ നടക്കുമ്പോള്‍ താന്‍ സംഭവസ്ഥലത്തുണ്ടായിരുന്നുവെന്ന ആരോപണം ആശിഷ് മിശ്ര നിഷേധിച്ചു.

സമരക്കാരാണ് ആശിഷ് മിശ്രയുടെ വാഹനവ്യൂഹത്തെ ആക്രമിച്ചതെന്നും മറിച്ച് അല്ല സംഭവമെന്നും അറസ്റ്റിലായ സുമിത് ജയ്‌സ്വാള്‍ അവകാശപ്പെട്ടിരുന്നു. കാര്‍ നീങ്ങുന്നുണ്ടായിരുന്നില്ലെന്നും പ്രതിഷേധക്കാര്‍ തന്നെയാണ് വാഹനവ്യൂഹത്തിന് നേരെ ആക്രമണം അഴിച്ചുവിട്ടതെന്നും അയാള്‍ അവകാശപ്പെട്ടിരുന്നു.

 ഭയത്തിന്റെ അന്തരീക്ഷം ചുറ്റും നിലനിന്നിരുന്നു. പ്രതിഷേധക്കാര്‍ വടികളും പാറകളും കൈയില്‍ കരുതിയിരുന്നു. അവര്‍ ഞങ്ങളെ ആക്രമിച്ചുകൊണ്ടിരുന്നു. അവര്‍ 'ഖാലിസ്ഥാന്‍ സിന്ദാബാദ് 'എന്ന് ആക്രോശിച്ചിരുന്നതായും സുമിത് പരാതിയില്‍ പറയുന്നു.

Content Highlights: Four arrested including the local BJP leader who was inside the convoy that run over farmers