മിറാം തരോൺ | Photo: TapirGao/twitter
ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍നിന്ന് കാണാതായ 17-കാരന്‍ മിരം ടരോണിനെ കണ്ടെത്തിയെന്ന് ചൈനീസ് സൈന്യം. ഇതു സംബന്ധിച്ച് ചൈനയുടെ പീപ്പ്ള്‍സ് ലീബറേഷന്‍ ആര്‍മി (പിഎല്‍എ) ഇന്ത്യന്‍ സൈന്യത്തെ വിവരമറിയിച്ചു. ടരോണിനെ എത്രയും വേഗത്തില്‍ ഇന്ത്യയില്‍ എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ചെയ്തുവരികയാണെന്ന് പ്രതിരോധ മന്ത്രാലയ പിആര്‍ഒ ലഫ്റ്റനന്റ് കേണല്‍ ഹര്‍ഷവര്‍ധന്‍ പാണ്ഡെ അറിയിച്ചു.
അപ്പര്‍ സിയാങ് ജില്ലയിലെ സിഡോ ഗ്രാമത്തില്‍ നിന്ന് ജനുവരി പതിനെട്ടിനാണ് ടരോണിനേയും സുഹൃത്ത് ജോണി യായിങ്ങിനേയും കാണാതായത്. നിയന്ത്രണരേഖയ്ക്കടുത്ത് കുറ്റിക്കാടുകളില്‍ വേട്ടയാടാന്‍ പോയതായിരുന്നു ഇരുവരും. ഇതിന് പിന്നാലെ ടരോണിനേയും യായിങ്ങിനേയും പിഎല്‍എ തട്ടിക്കൊണ്ടുപോയതാണെന്ന് ആരോപിച്ച് അരുണാചലില്‍ നിന്നുള്ള ബിജെപി എംപി താപിര്‍ ഗുവ ട്വീറ്റ് ചെയ്തു. ചൈനീസ് സൈന്യത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട് യായിങ് തിരിച്ചെത്തിയെന്നും ടരോണിനെ മോചിപ്പിക്കാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കണമെന്നും താപിര്‍ ട്വീറ്റ് ചെയ്തു.
ഇതോടെ ഇന്ത്യന്‍ സേനയും വിദേശകാര്യ മന്ത്രാലയവും പിഎല്‍എയുമായി ബന്ധപ്പെട്ടു. ഇന്ത്യന്‍പക്ഷത്തുനിന്ന് ഹോട്ട് ലൈനില്‍ ചൈനീസ് സൈനിക ഉന്നതരുമായി ബന്ധംപുലര്‍ത്തി. ആയുര്‍വേദ മരുന്നുകള്‍ ശേഖരിക്കുന്നതിനായി പുറപ്പെട്ട ഒരാള്‍ വഴിതെറ്റിയെന്നും കണ്ടെത്താന്‍ സാധിച്ചില്ലെന്നുമാണ് പിഎല്‍എയെ അറിയിച്ചത്. അയാളെ കണ്ടെത്താനും പ്രോട്ടോകോള്‍ പ്രകാരം മടക്കി അയക്കാനും സൈന്യം പിഎല്‍എയുടെ സഹായവും തേടി. ഒടുവില്‍ ജനുവരി 21-ന് ഒരാളെ കണ്ടെത്തിയ കാര്യം പിഎല്‍എ സ്ഥിരീകരിച്ചു.
അതേസമയം ഈ സംഭവം രാഷ്ട്രീയ വിവാദങ്ങള്‍ക്കും വഴിവെച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷിസംഘം നിയന്ത്രണരേഖ സന്ദര്‍ശിക്കണമെന്നും ചൈനയ്ക്ക് ശക്തമായ സന്ദേശം നല്‍കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ മൗനം അദ്ദേഹം ഇതു കാര്യമാക്കുന്നില്ല എന്നതിന്റെ സൂചനയാണെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
2020 സെപ്റ്റംബറിലും സമാന രീതിയില്‍ ചൈനീസ് സൈന്യം അരുണാചലില്‍ നിന്ന് അഞ്ച് ആണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയിരുന്നു. ഒരാഴ്ച്ചയ്ക്കു ശേഷമാണ് ഇവരെ പുറത്തുവിട്ടത്. 2018-ല്‍ ഈ പ്രദേശത്ത് ചൈന അധികൃതമായി റോഡ് നിര്‍മിച്ചിരുന്നു. ഇത് ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം ഉടലെടുക്കുന്നത് കാരണമായിരുന്നു. ഈയിടെ അരുണാചലിലെ ചില സ്ഥലങ്ങള്‍ക്ക് ചൈനീസ് ഭാഷയിലുള്ള പേരുനല്‍കിക്കൊണ്ട് ചൈന വെല്ലുവിളിയും ഉയര്‍ത്തിയിരുന്നു.
Content Highlights: Found missing Arunachal boy: Chinese army to defence officials
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..