ലഖ്നൗ: ഉത്തർപ്രദേശിലെ മുൻ മന്ത്രിയും ബിജെപി നേതാവുമായ ആത്മാറാം തോമറിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. യുപിയിലെ ബാഗ്പതിലെ സ്വവസതിയിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴുത്തിൽ ടവൽ കൊണ്ട് ചുറ്റിയ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നതെന്ന് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു. തോമറിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാകാം എന്ന നിഗമനത്തിലാണ് പോലീസ് സംഘം. അദ്ദേഹത്തിന്റെ കാറും മൊബൈൽ ഫോണും കാണാനില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 

പോലീസ് സംഘം വീട്ടിലെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡോഗ് സ്വാഡും ഫോറൻസിക് ടീമും പരിശോധന നടത്തി.

വെള്ളിയാഴ്ച രാവിലെ തോമറിന്റെ സഹോദരന വിജയ് വീട്ടിലെത്തി വിളിച്ചെങ്കിലും വാതിൽ തുറന്നിരുന്നില്ല. പിന്നീട് അദ്ദേഹം വാതിൽ തള്ളിത്തുറന്ന് അകത്തേക്ക് പ്രവേശിച്ചപ്പോഴാണ് തോമറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് സഹോദരൻ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവസമയത്ത് വീട്ടിൽ കുടുംബാംഗങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് വിവരം.

Content highlights: Former Uttar Pradesh minister and BJP leader Atmaram Tomar found dead