ലഖ്‌നൗ: ഉത്തര്‍പ്രദേശ് ഷിയ വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ വസീം റിസ്‌വി ഹിന്ദുമതം സ്വീകരിച്ചു. ഗാസിയബാദിലെ ദസ്‌നദേവി ക്ഷേത്രത്തിലെ പ്രധാന പൂജാരി സ്വാമി യതി നരസിംഹാനന്ദാണ് മതം മാറ്റ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്‌. ജിതേന്ദ്ര നാരായണ്‍ സിങ് ത്യാഗി എന്ന പേരിലാകും ഇനി റിസ്‌വി അറിയപ്പെടുകയെന്ന് നരസിംഹാനന്ദ് പറഞ്ഞു.

'എന്നെ ഇസ്ലാമില്‍ നിന്ന് പുറത്താക്കി. എല്ലാ വെള്ളിയാഴ്ചയും എന്റെ തലയെടുക്കുന്നവര്‍ക്കുള്ള സമ്മാനത്തുക വര്‍ദ്ധിപ്പിക്കുകയാണ്. ഇന്ന് ഞാന്‍ സനാതന ധര്‍മ്മം സ്വീകരിക്കുന്നു' വസീം റിസ്‌വി പ്രതികരിച്ചു. ഒരാളും ഇനി റിസ്‌വിക്കെതിരെ ഫത്വ ഇറക്കരുത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അദ്ദേഹത്തിന് സുരക്ഷയൊരുക്കണമെന്നും ഹിന്ദു മഹാസഭ ദേശീയ അധ്യക്ഷന്‍ സ്വാമി ചക്രപാണി മഹാരാജ് പറഞ്ഞു.

ഖുറാനില്‍ നിന്ന് ചില വാക്യങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കിയതിന് പിന്നാലെ വസീം റിസ്‌വിക്ക് ജീവന് ഭീഷണിയുണ്ടായിരുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ അപ്പീല്‍ സുപ്രീം കോടതി തള്ളുകയുണ്ടായി. 

അയോധ്യ വിവാദം സജീവ ചര്‍ച്ചയായിരുന്ന വേളയില്‍ ബാബരി മസ്ജിദ് സ്ഥിതി ചെയ്ത സ്ഥലത്ത്‌ രാമക്ഷേത്രം നിര്‍മിക്കണമെന്ന് നിലപാട് എടുത്തിരുന്നു റിസ്‌വി. ഈ ഘട്ടത്തില്‍ ഷിയ വഖഫ് ബോര്‍ഡ് ചെയര്‍മാനായിരുന്നു റിസ്‌വി.