Photo: PTI
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ആര്.ജെ.ഡി നേതാവുമായ ശരത് യാദവ് (75) അന്തരിച്ചു. മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാക്കളില്‍ ഒരാളായിരുന്ന അദ്ദേഹം ലോക് താന്ത്രിക് ജനതാദളിന്റെ സ്ഥാപക നേതാവ് കൂടിയാണ്. മകള്‍ സുഭാഷിണി ശരത് ട്വിറ്ററിലൂടെയാണ് മരണ വിവരം പുറത്തുവിട്ടത്.
എല്‍ജെഡി മുന്‍ ദേശീയ അധ്യക്ഷന്‍ കൂടിയാണ്. ഏഴു തവണ ലോക്സഭയിലേക്കും നാലു തവണ രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.
1974-ല്‍ ജബല്‍പുരില്‍ നടന്ന ലോക്സഭ ഉപതിരഞ്ഞെടുപ്പില്‍ ജയപ്രകാശ് നാരായണന് നിര്‍ദേശിച്ച സ്ഥാനാര്‍ഥിയായിട്ടാണ് പൊതുരംഗപ്രവേശനം. 1974-ല്‍ ജബല്‍പുരില്‍ നടന്ന ഉപതിരഞ്ഞെടുപ്പിലൂടെ ആദ്യമായി ലോക്സഭയില്‍ അംഗമായി.
ജനതാദളിലെ പിളര്‍പ്പിനെത്തുടര്‍ന്ന് 1997-ല്‍ നിതീഷ് കുമാറിനൊപ്പം ജനതാദള്‍ യുണൈറ്റഡ് (ജനതാദള്‍-യു.) സ്ഥാപിച്ചു. 2003 മുതല്‍ 2016 വരെ ജെ.ഡി.യു. അധ്യക്ഷനായിരുന്നു.
2017-ല്‍ നിതീഷ്കുമാറുമായുള്ള ഭിന്നത രൂക്ഷമായി. തിരഞ്ഞെടുപ്പ് കമ്മിഷന് നിതീഷ് കുമാര്‍ വിഭാഗത്തിന്റെ ജെ.ഡി.യു.വിനെ ഔദ്യോഗിക പാര്‍ട്ടിയായി അംഗീകരിച്ചു. ശരദ് യാദവിനെതിരേ, പാര്‍ട്ടിവിരുദ്ധപ്രവര്‍ത്തനത്തിന് നിതീഷ് വിഭാഗം പരാതിനല്‍കിയതോടെ രാജ്യസഭാംഗത്വം നഷ്ടമായി. പിന്നീട് ലോക്താന്ത്രിക് ജനതാദള്‍ രൂപവത്കരിച്ചു. 2018-ല്‍ പഴയ സഹപ്രവര്‍ത്തകനായ ലാലുപ്രസാദ് യാദവിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ജനതാദളില്‍ ചേര്‍ന്നു.
എന്‍.ഡി.എ. കണ്‍വീനര്‍, ജെ.ഡി.യു. രാജ്യസഭാകക്ഷിനേതാവ്, ജനതാദള്‍ പാര്‍ലമെന്ററി പാര്‍ട്ടിനേതാവ് തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1989-'90 വര്‍ഷങ്ങളില്‍ വി.പി. സിങ് മന്ത്രിസഭയിലും ടെക്സ്റ്റൈല്‍സ് ആന്‍ഡ് ഫുഡ് പ്രൊസസിങ് വകുപ്പ് മന്ത്രിയായിരുന്നു. 1999-2004 കാലഘട്ടത്തില്‍ വാജ്പേയ് സര്‍ക്കാരില്‍ വ്യോമയാന, തൊഴില്‍, ഭക്ഷ്യ ഉപഭോക്തൃകാര്യ മന്ത്രിയായിരുന്നു.
മധ്യപ്രദേശിലെ ഹോഷന്‍ഗാബാദ് ജില്ലയിലെ ബാബെയില്‍ 1945 ജൂലായ് ഒന്നിനാണ് യാദവിന്റെ ജനനം. ജബല്‍പുര്‍ എന്‍ജിനിയറിങ് കോളേജില്‍നിന്ന് ഇലക്ട്രോണിക്സ് എന്‍ജിനിയറിങ് ബിരുദം നേടിയ അദ്ദേഹം ബിരുദാനന്തരബിരുദം നേടിയത് ഗണിതത്തിലാണ്. ഭാര്യ: രേഖ. മക്കള്‍: സുഭാഷിണി, ശന്തനു.
Content Highlights: Former Union minister Sharad Yadav dies aged 75
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..