ബെംഗളൂരു:  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായ ഓസ്‌കര്‍ ഫെര്‍ണാണ്ടസ്(80) അന്തരിച്ചു. ഒന്നര മാസം മുമ്പ് വീട്ടില്‍ യോഗ ചെയ്യുന്നതിനിടെ വീണ് പരിക്കേറ്റ അദ്ദേഹം ഗുരുതരാവസ്ഥയില്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു അന്ത്യം. 

1941 മാര്‍ച്ച് 27-ന് ജനിച്ച ഓസ്‌കര്‍ ഫെര്‍ണാണ്ടസ് മന്‍മോഹന്‍ സിങ് മന്ത്രിസഭയില്‍ ഉപരിതല ഗതാഗതം, തൊഴില്‍ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നു. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി, കര്‍ണാടക പി.സി.സി. അധ്യക്ഷന്‍ എന്നീ പദവികളും വഹിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വിശ്വസ്തനായിട്ടാണ് അദ്ദേഹം അറിയപ്പെട്ടിരുന്നുത്. 

1980-ല്‍ ഉഡുപ്പിയില്‍നിന്നാണ് അദ്ദേഹം ആദ്യമായി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അതിന് ശേഷം തുടര്‍ച്ചയായി നാല് തിരഞ്ഞെടുപ്പുകളിലും ജയിച്ച് ഉഡുപ്പിയുടെ ജനപ്രതിനിധിയായി. 2004 മുതല്‍ 2009 വരെ പ്രവാസികാര്യം, കായിക യുവജനക്ഷേമം, തൊഴില്‍ വകുപ്പുകളുടെ മന്ത്രിയായി. രാജീവ് ഗാന്ധിയുടെ പാര്‍ലമെന്ററി സെക്രട്ടറിയായും ഓസ്‌കര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

കുച്ചിപ്പുടിയില്‍ പേരെടുത്തിട്ടുള്ള അദ്ദേഹം യക്ഷഗാന കലാകാരനുമായിരുന്നു. ബ്ലോസം ഫെര്‍ണാണ്ടസാണ് ഭാര്യ. രണ്ട് മക്കളുണ്ട്.

Content Highlights: Former union minister, Rajya Sabha member Oscar Fernandes no more