അഗര്‍ത്തല: ത്രിപുര മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സി.പി.എം നേതാവുമായ മണിക്ക് സര്‍ക്കാരിന്റെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം. വെള്ളിയാഴ്ച വൈകിട്ട് അഗര്‍ത്തലയില്‍ നിന്നും 25 കിലോമീറ്റര്‍ അകലെയുള്ള രസ്തര്‍മാത എന്ന സ്ഥലത്ത് വച്ചാണ് സംഭവം. പൊതുയോഗത്തില്‍ പങ്കെടുത്ത് അഗര്‍ത്തലയിലേക്ക് മടങ്ങവെയാണ് ആക്രമണം ഉണ്ടായത്. അക്രമത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന് സി.പി.എം ആരോപിച്ചു. 

മണിക് സര്‍ക്കാരിനെ കൂടാതെ മുന്‍ മന്ത്രിമാരായ ഭാനുലാല്‍ ഷാ, ഷാഹിദ് ചൗധരി, എംഎല്‍എമാരായ ശ്യാമല്‍ ചക്രബര്‍ത്തി, നാരായണ്‍ ചൗധരി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.  നാരായണ്‍ ചൗധരിക്ക് അക്രമത്തില്‍ പരിക്കേറ്റു. സംഘത്തിന്റെ വാഹനങ്ങളും തകര്‍ന്നിട്ടുണ്ട്. ഇവരെ പിന്നീട് പോലീസ് രക്ഷപ്പെടുത്തി അഗര്‍ത്തലയില്‍ എത്തിക്കുകയായിരുന്നു.

ത്രിപുര കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് തപസ് ഡേ അക്രമത്തെ അപലപിച്ചു. എതിര്‍ ശബ്ദങ്ങളോട് ബി.ജെ.പി അസഹിഷ്ണുത കാണിക്കുന്നു എന്നതിന് തെളിവാണ് ഈ സംഭവമെന്ന് അദ്ദേഹം ആരോപിച്ചു. എന്നാല്‍ സംഭവം ദൗര്‍ഭാഗ്യകരമാണെന്നും കുറ്റക്കാര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കുമെന്നും ബി.ജെ.പി വക്താവ് ഡോ. അശോക് സിന്‍ഹ പ്രതികരിച്ചു.

content highlights: Former Tripura CM Manik Sarkar attacked