ന്യൂഡല്‍ഹി: മുന്‍ റെയില്‍വേ മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ ദിനേഷ് ത്രിവേദി ബിജെപിയില്‍ ചേര്‍ന്നു. പശ്ചിമബംഗാള്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ മൂന്നാഴ്ചകള്‍ മാത്രം ശേഷിക്കേയാണ് ദിനേഷ് ത്രിവേദി പാര്‍ട്ടി വിട്ടിരിക്കുന്നത്. 

താന്‍ കാത്തിരുന്ന സുവര്‍ണ നിമിഷമാണിതെന്ന് ബിജെപിയില്‍ ചേര്‍ന്നതിന് ശേഷം ദിനേഷ് ത്രിവേദി പറഞ്ഞു. കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍, ബിജെപി അധ്യക്ഷന്‍ ജെ.പി.നഡ്ഡ എന്നിവരുട സാന്നിധ്യത്തില്‍ ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് വെച്ചാണ് ത്രിവേദി ബിജെപി അംഗത്വം സ്വീകരിച്ചത്. ത്രിവേദി തെറ്റായ പാര്‍ട്ടിയിലായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ ശരിയായ പാര്‍ട്ടിയിലെത്തിയെന്നും ത്രിവേദിയെ സ്വാഗതം ചെയ്തുകൊണ്ട് നഡ്ഡ പറഞ്ഞു. 

ഫെബ്രുവരി 12-ന് ത്രിവേദി രാജ്യസഭാംഗത്വവും തൃണമൂല്‍ അംഗത്വവും രാജിവെച്ചിരുന്നു. പശ്ചിമബംഗാളില്‍ നടക്കുന്ന അക്രമങ്ങളിലും അഴിമതിയിലും ഒന്നും ചെയ്യാന്‍ സാധിക്കാത്തതില്‍ തനിക്ക് മനസ്സുമടുത്തതായി അദ്ദേഹം പറഞ്ഞിരുന്നു. 2019-ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ത്രിവേദിയെ പാര്‍ട്ടി രാജ്യസഭയിലെത്തിക്കുന്നത്. 

അഴിമതിയുടെയും അക്രമങ്ങളുടെയും മാതൃകയായല്ല പശ്ചിമബംഗാള്‍ നില്‍ക്കേണ്ടതെന്നും സംസ്ഥാനത്തിന് നിരവധി കഴിവുകളുണ്ടെന്നും അത് പാഴായി പോകാന്‍ അനുവദിക്കരുതെന്നും ത്രിവേദി അഭിപ്രായപ്പെട്ടിരുന്നു. 

സുവേന്ദു അധികാരി ഉള്‍പ്പടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് എംപിമാരും, സംസ്ഥാന മന്ത്രിമാരും, എംഎല്‍എമാരും ഉള്‍പ്പടെ നിരവധിപേരാണ് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 29 വരെയാണ് പശ്ചിമബംഗാളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് രണ്ടിന് ഫലപ്രഖ്യാപനം ഉണ്ടാകും.