ബുൾഡോസർ ഉപയോഗിച്ച് പ്രതികളുടെ വീട്ടിൽ പോലീസ് നടത്തിയ നടപടിയിൽ നിന്ന് | Screengrab
ന്യൂഡല്‍ഹി: പ്രവാചകനെതിരായ പരാമര്‍ശത്തില്‍ ഉത്തര്‍പ്രദേശില്‍ പ്രതിഷധിച്ചവരെ കേസില്‍പ്പെടുത്തുകയും പിന്നീട് പ്രതികളുടെ വീടുകള്‍ക്ക് നേരെ ബുള്‍ഡോസര്‍ പ്രയോഗം നടത്തുകയും ചെയ്ത ഭരണകൂടത്തിനെതിരെ മുന്‍ സുപ്രീം കോടതി ജഡ്ജിമാര്‍ രംഗത്ത്. വിഷയത്തില്‍ സുപ്രീം കോടതി ഇടപെടേണ്ട സമയം അതിക്രമിച്ചുവെന്നാണ് കോടതിക്ക് അയച്ച കത്തില്‍ മൂന്ന് മുന്‍ സുപ്രീം കോടതി ജഡ്ജിമാര്‍ ഉള്‍പ്പെട്ട സംഘം അഭിപ്രായപ്പെടുന്നത്. മുസ്ലീം പൗരന്‍മാര്‍ക്ക് നേരെയുള്ള അതിക്രമമെന്നാണ് സംഭവത്തെ അവര്‍ വിശേഷിപ്പിച്ചത്.
സുപ്രീം കോടതി മുന്‍ ജഡ്ജിമാരായ സുദര്‍ശന്‍ റെഡ്ഡി, വി. ഗോപാല ഗൗഡ, എ.കെ. ഗാംഗുലി എന്നിവര്‍ക്ക് പുറമേ മൂന്ന് ഹൈക്കോടതി ജഡ്ജിമാരും ആറ് അഭിഭാഷകരും ചേര്‍ന്നാണ് കത്തയച്ചത്. പ്രവാചകനെതിരായ പരാമര്‍ശത്തില്‍ മുന്‍ ബിജെപി വക്താവ് നൂപുര്‍ ശര്‍മ, നവീന്‍ ജിണ്ടാല്‍ എന്നിവര്‍ക്കെതിരെ പ്രക്ഷോഭം നടന്നിരുന്നു. ഈ സംഭവത്തില്‍ പ്രതി ചേര്‍ത്ത ശേഷം ജാവേദ് അഹമ്മദ് എന്നയാളുടെ വീടാണ് പ്രയാഗ് രാജില്‍ ജില്ലാവികസന അതോറിറ്റിയും പോലീസും ചേര്‍ന്ന് അനധികൃത നിര്‍മാണം ആരോപിച്ച് ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ച് തകര്‍ത്തത്.
ഞായറാഴ്ച സഹറന്‍പുറില്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്ത രണ്ട് പേരുടെ വീടുകളുടെ നിര്‍മാണവും അനധികൃതമെന്ന് കാണിച്ച് ഭാഗികമായി തകര്‍ത്തിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പോലീസ് ട്വീറ്റ് ചെയ്തിരുന്നു. പോലീസും ജില്ലാഭരണകൂടവും ചേര്‍ന്ന് നടത്തിയ ഇത്തരം ഇടിച്ചുനിരത്തലുകള്‍ക്ക് പ്രത്യേക ശിക്ഷ നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. ജൂണ്‍ പത്തിന് നടന്ന പ്രക്ഷോഭത്തില്‍ 33 പേരെയാണ് എട്ട് ജില്ലകളില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. 13 എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
യാതൊരുവിധ മുന്നറിയിപ്പും നല്‍കാതെയാണ് ഇത്തരം നടപടികള്‍ സ്വീകരിച്ചിട്ടുള്ളത്. ഇത് നിയമത്തിന് നേരെയുള്ള വെല്ലുവിളിയാണെന്നും മുന്‍പ് ഇത്തരം സാഹചര്യങ്ങളില്‍ ഫലപ്രദമായ ഇടപെടലുകള്‍ കോടതികളുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. കോവിഡ് ലോക്ഡൗണ്‍ സമയത്ത് കുടിയേറ്റ തൊഴിലാളികള്‍ രാജ്യത്ത് പ്രതിസന്ധി നേരിട്ടുപ്പോള്‍ സ്വമേധയാ കേസെടുത്ത നടപടിയും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
Content Highlights: former sc judjes writes letter to supreme court in bulldozer action
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..