ന്യൂഡല്‍ഹി: മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ വിമര്‍ശനവുമായി കഴിഞ്ഞ ദിവസം വിരമിച്ച സുപ്രീം കോടതി ന്യായാധിപന്‍ ജസ്റ്റിസ് ദീപക് ഗുപ്ത. രഞ്ജന്‍ ഗഗോയ്ക്ക് ലഭിച്ചത് പോലെ തനിക്ക് ഒരു രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്യപ്പെട്ടിരുന്നെങ്കില്‍ അത് ഒരിക്കലും സ്വീകരിക്കില്ലായിരുന്നുവെന്ന് ജസ്റ്റിസ് ദീപക് ഗുപ്ത പറഞ്ഞു. 

രാജ്യസഭാംഗമായി നിയമിച്ചത് എക്‌സിക്യൂട്ടീവും ജുഡീഷ്യറിയും തമ്മിലുളള പാലമായി കണക്കാക്കുന്നുവെന്നാണ് ഗൊഗോയ് പറഞ്ഞത്. പക്ഷെ ഇത്തരം പാലങ്ങള്‍ ഇപ്പോള്‍ത്തന്നെ നിലനില്‍ക്കുന്നുണ്ടല്ലോ, അതാണ് ചീഫ് ജസ്റ്റിസ്. താനായിരുന്നെങ്കില്‍ അത്തരം വാഗ്ദാനങ്ങള്‍ സ്വീകരിക്കില്ലായിരുന്നു. ആരും തനിക്ക് അത്തരം വാഗ്ദാനങ്ങള്‍ നല്‍കില്ലെന്നാണ് താന്‍ സ്വയം കരുതുന്നതും. അത്  വ്യക്തിപരവും നിയമപരവുമായ നിലപാടാണ്. 

വലിയ പണം ഉള്‍പ്പെട്ട കേസുകളും ഭീമന്‍ നിയമസ്ഥാപനങ്ങള്‍ വാദിക്കുന്ന കേസുകളുമാണ് സുപ്രീം കോടതിയില്‍ ആദ്യം ലിസ്റ്റ് ചെയ്യപ്പെടുന്നതെന്നും ദീപക് ഗുപ്ത വിമര്‍ശിച്ചു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ജസ്റ്റിസ് ദീപക് ഗുപ്ത തുറന്നടിച്ചത്. 

രഞ്ജന്‍ ഗഗോയ്ക്ക് എതിരായ ലൈംഗിക പീഡനാരോപണ കേസ് അദ്ദേഹം തന്നെ കേട്ടതിലും ദീപക് ഗുപ്ത അതൃപ്തി പ്രകടമാക്കി. അപ്രതീക്ഷിത സിറ്റിംഗ് വിളിച്ചത് നല്ല ആശയമായിരുന്നില്ല. ഗൊഗോയ്‌ക്കെതിരെയുള്ള ലൈംഗിക പീഡനാരോപണങ്ങളില്‍ കഴമ്പില്ലെന്ന് അന്വേഷണസമിതി കണ്ടെത്തിയിരുന്നു. സമിതിയില്‍ സുപ്രീം കോടതി ജഡ്ജിമാര്‍ മാത്രമാണുണ്ടായിരുന്നത് എന്ന വിമര്‍ശനം ഉണ്ടായിരുന്നതാണ്. ഈ ഭരണഘടനാ സ്ഥാപനത്തിന് വിശ്വാസ്യതയുണ്ടെന്ന് മനസ്സിലാക്കണം. 2019 ഏപ്രില്‍ 20 ശനിയാഴ്ച രഞ്ജന്‍ ഗൊഗോയി അധ്യക്ഷതയിലിരുന്ന ആ വാദത്തിനു (ഗൊഗോയിക്കെതിരായ ലൈംഗികാരോപണ കേസ്) സുപ്രീം കോടതിയിലെ കാര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. 

വലിയ തുക ഉള്‍പ്പെട്ട കേസുകളും ഭീമന്‍ നിയമസ്ഥാപനങ്ങള്‍ വാദിക്കുന്ന കേസുകളുമാണ് സുപ്രീം കോടതിയില്‍ ആദ്യം ലിസ്റ്റ് ചെയ്യപ്പെടുന്നതെന്നത് താന്‍ കണ്ടിട്ടുണ്ട്. ചീഫ് ജസ്റ്റിസും റജിസ്ട്രാര്‍മാരുമാണ് കേസുകളുടെ ലിസ്റ്റിംഗ് തീരുമാനിക്കുന്നത്. ഇപ്പോഴുള്ള മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി കേസ് ലിസ്റ്റ് ചെയ്യുന്ന രീതി മാറണം, സാങ്കേതികതയുടെ അടിസ്ഥാനത്തില്‍ കേസ് ലിസ്റ്റ് ചെയ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. 

മൂന്ന് വര്‍ഷത്തിലേറെ സുപ്രീം കോടതി ജഡ്ജി സ്ഥാനത്ത് സേവനം നടത്തിയ ജസ്റ്റിസ് ദീപക് ഗുപ്ത ബുധനാഴ്ചയാണ് വിരമിച്ചത്. രാജ്യത്തെ നിയമവ്യവസ്ഥ സമ്പന്നര്‍ക്കും ശക്തരായാവര്‍ക്കും അനുകൂലമാണെന്ന് യാത്രയയപ്പ് പ്രസംഗത്തിലും ജസ്റ്റിസ് ദീപക് ഗുപ്ത പറഞ്ഞിരുന്നു. 

Content Highlights: Former SC Judge Justice Deepak Gupta aganist former SC Chief Justice Ranjan Gogoi