ന്യൂഡല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറേണ്ടിവന്ന ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് കോണ്‍ഗ്രസ് വിടുകയാണെന്ന് അഭ്യൂഹം. ഡെല്‍ഹിയിലേയ്ക്ക് യാത്ര തിരിക്കുകയാണ് അമരീന്ദര്‍. ഡെല്‍ഹിയിലെത്തുന്ന ക്യാപ്റ്റന്‍ ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുമായി ചര്‍ച്ച നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, ബി.ജെ.പി നേതൃത്വമോ അമരീന്ദറോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ബി.ജെ.പിയില്‍ ചേരുന്ന അമരീന്ദറിനെ കേന്ദ്രമന്ത്രിയാക്കുമെന്നും കൃഷിവകുപ്പ് നല്‍കിയേക്കുമെന്നുമെല്ലാം കഥകള്‍ പ്രചരിക്കുന്നുണ്ട്.

അതേസമയം, ബി.ജെ.പിയില്‍ ചേരാതെ കോണ്‍ഗ്രസിന് ബദലായി പഞ്ചാബില്‍ പുതിയ പാര്‍ട്ടി രൂപവത്കരിക്കാനാവും അമരീന്ദറിന്റെ ശ്രമമെന്നും പറയപ്പെടുന്നുണ്ട്. ഇതിന് ബി.ജെ.പിയുടെ ഭാഗത്തുനിന്ന് എല്ലാ ആശിര്‍വാദവും സഹായവും ഉണ്ടാകുമെന്നും അറിയുന്നു. ഡല്‍ഹി സന്ദര്‍ശനത്തിന്റെ ഉദ്ദേശവും ഇതുതന്നെവായിരിക്കുമെന്നും ശ്രുതിയുണ്ട്.

സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായി നിയമിതനായ മുന്‍ ബി.ജെ.പി, നേതാവ് കൂടിയായ നവജ്യോത് സിങ് സിദ്ദുവുമായുള്ള പോരാണ് ശക്തനായിരുന്ന അമരീന്ദറിന്റെ കസേര തെറിപ്പിച്ചത്. സ്ഥാനമൊഴിയുമ്പോള്‍ താന്‍ അപമാനിതനായെന്നാണ് അമരീന്ദര്‍ പറഞ്ഞത്. സിദ്ദു ദേശവിരുദ്ധനാണെന്ന ഗുരുതരമായ ആരോപണവും ക്യാപ്റ്റന്‍ ഉന്നയിച്ചിരുന്നു.

ഇതിനുശേഷം കേന്ദ്രമന്ത്രി രാംദാസ് അതാവ്‌ലെ അമരീന്ദറിനെ എന്‍.ഡി.എയിലേയ്ക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍, ഇതിനോട് അമരീന്ദര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അകാലിദള്‍ സഖ്യം പിരിഞ്ഞശേഷം സംസ്ഥാനത്ത് ദുര്‍ബലമായിപ്പോയ പാര്‍ട്ടിക്ക് അമരീന്ദറിന്റെ വരവ് പുതിയ ഊര്‍ജം നല്‍കുമെന്നാണ് ബി.ജെ.പി.യുടെ കണക്കുകൂട്ടല്‍. തലയെടുപ്പുള്ള ഒരു നേതാവിന്റെ അഭാവം കൊണ്ടാണ് ഇക്കാലമത്രയും അകാലിദളിന്റെ നിഴലില്‍ ഒതുങ്ങിപ്പോയത് എന്നൊരു വിലയിരുത്തലുണ്ട് പാര്‍ട്ടിക്ക്. ഇതുവരെ കര്‍ഷകപ്രക്ഷോഭത്തിന് ശക്തമായ പിന്തുണ നല്‍കിയ അമരീന്ദറിനെ തന്നെ കേന്ദ്ര കൃഷിമന്ത്രിയാക്കിയാല്‍ അതുവഴി കര്‍ഷകരോഷത്തെ ഒരു പരിധിവരെ കുറയ്ക്കാനാവുമെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നുണ്ട്.

Content Highlights: Former Punjab Chief Minister Amarinder Singh goes to delhi, might leave congress and join BJP