ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ഭൗതികശരീരം പൂര്‍ണ സൈനിക ബഹുമതികളോടെ സംസ്‌കരിച്ചു. ഉച്ചയ്ക്ക് രണ്ട് മണിയോടെ ലോധി റോഡിലെ ശ്മശാനത്തിലായിരുന്നു സംസ്‌കാരചടങ്ങുകള്‍.
കോവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ ഔദ്യോഗിക ഗണ്‍ക്യാരിയേജ് സംവിധാനത്തിനു പകരം വാനിലാണ് മൃതദേഹം ശ്മശാനത്തിലേക്കെത്തിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ എല്ലാ കോവിഡ് മാര്‍ഗനിര്‍ദേശങ്ങളും സംസ്‌കാര ചടങ്ങില്‍ പാലിച്ചതായി പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.
#WATCH Delhi: Former President #PranabMukherjee laid to rest with full military honours.
— ANI (@ANI) September 1, 2020
His last rites were performed at Lodhi crematorium today, under restrictions for #COVID19. pic.twitter.com/VbwzZG1xX9
ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് പ്രണബ് മുഖര്‍ജി അന്തരിച്ചത്. ചൊവ്വാഴ്ച രാവിലെ മുതല്‍ ഉച്ചവരെ രാജാജി മാര്‍ഗിലെ ഔദ്യോഗിക വസതിയില്‍ ഭൗതികശരീരം പൊതുദര്‍ശനത്തിന് വെച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവും രാജാജി മാര്‍ഗിലെ വസതിയിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.
പ്രണബിന്റെ വിയോഗത്തിനു പിന്നാലെ ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ ആറുവരെ സര്‍ക്കാര്‍ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
എം.വി. ശ്രേയാംസ്‌കുമാര്‍ എം.പി അനുസ്മരിച്ചു
സ്വാതന്ത്യലബ്ധിക്ക് ശേഷമുള്ള തലമുറയില്‍ രാജ്യം കണ്ട മികവുറ്റ ഭരണാധികാരിയും രാഷ്ട്രതന്ത്രജ്ഞനുമായിരുന്നു പ്രണബ് മുഖര്‍ജിയെന്ന് ലോക് താന്ത്രിക് ജനതാദള്‍ സംസ്ഥാന അധ്യക്ഷന്‍ എം.വി. ശ്രേയാംസ്‌കുമാര്‍ എം.പി അനുസ്മരിച്ചു. പ്രതിസന്ധികളെ അനായാസം മറികടക്കുന്നതില്‍ എക്കാലവും അദ്ദേഹം വിസ്മയകരമാം വിധം മാര്‍ഗ്ഗദര്‍ശകനായി. മികച്ച പാര്‍ലമെന്റേറിയന്‍ എന്ന നിലയില്‍ നിയമനിര്‍മ്മാണ രംഗത്തും പ്രണബ് പ്രതിഭ പ്രകടിപ്പിച്ചു. പണ്ഡിതന്മാരായ രാഷ്ട്രീയ നേതാക്കളുടെ നിരയെ പ്രണബ് മുഖര്‍ജിയുടെ വിയോഗം ശുഷ്‌ക്കമാക്കുമെന്നും ശ്രേയാംസ് കുമാര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
Content Highlights: Former president Pranab Mukherjee cremated with full state honours