ന്യൂഡല്‍ഹി: ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ അസഭ്യവര്‍ഷവുമായി മുന്‍ പാക് ക്രിക്കറ്റ് താരം ജാവേദ് മിയാന്‍ദാദ് രംഗത്ത്. മോദി മാതാപിതാക്കള്‍ ആരെന്ന് അറിയാത്ത ചീമുട്ടയാണെുന്നും ഇന്ത്യയ്‌ക്കെതിരെ ഒരു 'ഓള്‍ ഔട്ട് അറ്റാക്ക്' ആവശ്യമാണെന്നും പാക് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ മിയാന്‍ദാദ് പറയുന്നു. "ക്രിക്കറ്റില്‍ ഉണ്ടായിരുന്ന കാലത്ത് താന്‍ ഇന്ത്യയില്‍ ഏറെ സഞ്ചരിച്ചിട്ടുണ്ട്. ഇന്ത്യയിലെ ജനങ്ങളെല്ലാം നരേന്ദ്ര മോദിയെ അനുകൂലിക്കുന്നില്ല. എന്നാല്‍ മോദിയെപ്പോലെയുള്ള ചീമുട്ടകള്‍ അവിടെയുണ്ട്. ഒരു മുട്ടയ്ക്ക് തന്റെ മാതാപിതാക്കളെക്കുറിച്ച് ഒന്നും അറിയില്ല. അത് തന്റെ പിതൃത്വത്തെക്കുറിച്ച് അത്ഭുതപ്പെടും. ആര്‍ക്കെതിരെയാണ് ഭീഷണി മുഴക്കുന്നതെന്ന് മോദിക്ക് അറിയില്ല. ഇന്ത്യയ്ക്കെതിരായ യുദ്ധത്തിനും രക്തസാക്ഷിത്വത്തിനും പാകിസ്താനിലെ ഓരോ കുട്ടിയും തയ്യാറാണ്. എന്നാല്‍ ഇന്ത്യക്കാര്‍ ഭീരുക്കളാണ്. അവര്‍ക്ക് ഒരു സൈന്യംപോലുമില്ല" പാക് വാര്‍ത്താ ചാനലായ 'സമാ ടിവി'യ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മിയാന്‍ദാദ് പറയുന്നു.

മിയാന്‍ദാദിന്റെ പ്രകോപനപരമായ പ്രസ്താവനയ്ക്ക്‌ പ്രതികരണവുമായി ബിജെപി എംപിയും ബിസിസിഐ അധ്യക്ഷനുമായ അനുരാഗ് താക്കൂര്‍ രംഗത്തെത്തി. യുദ്ധത്തിലും ക്രിക്കറ്റിലും പരാജയത്തിന്റെ ചരിത്രം മാത്രമാണ് പാകിസ്താനുള്ളത്. കാര്‍ഗിലിലും അതിനുമുമ്പും ഉണ്ടായിട്ടുള്ള യുദ്ധങ്ങളില്‍ പരാജയമറിഞ്ഞ പാകിസ്താന് ക്രിക്കറ്റ് ലോകകപ്പില്‍ ഒരിക്കല്‍പോലും ഇന്ത്യയെ തോല്‍പിക്കാന്‍ സാധിച്ചിട്ടില്ല. പരാജയങ്ങളുടെ ആഘാതത്തില്‍നിന്ന് മുക്തനാകാന്‍ മിയാന്‍ദാദിന് കഴിഞ്ഞിട്ടില്ലെന്ന് അനുരാഗ് താക്കൂര്‍ പറഞ്ഞു.