മുംബൈ: മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിനെതിരെ ഗുരുതര അഴിമതി ആരോപണവുമായി മുംബൈ മുന്‍ സിറ്റി പോലീസ് കമ്മീഷണര്‍ പരംബീര്‍ സിങ്. ആരോപണം ഉന്നയിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറേയ്ക്ക് പരംബീര്‍ സിങ് കത്തെഴുതി. കഴിഞ്ഞ ദിവസമാണ് പരംബീര്‍ സിങ്ങിനെ മുംബൈ സിറ്റി പോലീസ് കമ്മീഷണര്‍ സ്ഥാനത്തുനിന്ന് മാറ്റിയത്. 

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ആഡംബര വസതിക്ക് സമീപത്തുനിന്ന് ജലാറ്റിന്‍ സ്റ്റിക്കുകളുമായി എസ്.യു.വി. വാഹനം കണ്ടെത്തിയ സംഭവത്തില്‍ വിവാദ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസെ എന്‍.ഐ.എയുടെ പിടിയിലായ സംഭവവികാസമാണ് പരംബിര്‍സിങ്ങിന്റെ സ്ഥാനചലനത്തിനിടയാക്കിയത്.

സച്ചിന്‍ വാസെയോട് എല്ലാമാസവും 100 കോടി രൂപ സംഘടിപ്പിച്ച് നല്‍കണമെന്ന് അനില്‍ ദേശ്മുഖ് ആവശ്യപ്പെട്ടിരുന്നുവെന്നാണ് പരംബീര്‍ സിങ്ങിന്റെ ആരോപണം. മുംബൈ പോലീസ് ക്രൈം ബ്രാഞ്ചിന്റെ ക്രൈം ഇന്റലിജന്‍സ് യൂണിറ്റ് വിഭാഗം തലവനായ സച്ചിന്‍ വാസെയെ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് തന്റെ ഔദ്യോഗിക വസതിയായ ദ്യാനേശ്വറിലേക്ക് കഴിഞ്ഞ കുറച്ചുമാസങ്ങളില്‍ പല തവണ വിളിച്ചുവരുത്തുകയും ആഭ്യന്തര മന്ത്രിക്കു വേണ്ടി ഫണ്ട് ശേഖരിക്കുന്നതിന് സഹായിക്കണമെന്ന് തുടര്‍ച്ചയായി നിര്‍ദേശം നല്‍കുകയും ചെയ്തുവെന്നും സിങ് ഉദ്ധവിനയച്ച കത്തില്‍ പറയുന്നു.

പ്രതിമാസം 100 കോടി രൂപ സംഘടിപ്പിക്കുന്നതിനുള്ള മാര്‍ഗവും വാസേയ്ക്ക് അനില്‍ ദേശ്മുഖ് പറഞ്ഞു കൊടുത്തതായും പരംബീര്‍ സിങ് കത്തില്‍ പറയുന്നു. മുംബൈയില്‍ ഏകദേശം 1750 ബാറുകളും ഭക്ഷണശാലകളും മറ്റ് സ്ഥാപനങ്ങളുമുണ്ട്. ഓരോയിടത്തുനിന്നും 2-3 ലക്ഷം രൂപ ശേഖരിച്ചാല്‍ 40-50 കോടി രൂപ സംഘടിപ്പിക്കാമെന്ന് ദേശ്മുഖ് വാസേയോടു പറഞ്ഞതായും പരംബീര്‍ സിങ് വ്യക്തമാക്കുന്നു. ബാക്കി തുക മറ്റ് മാര്‍ഗങ്ങളില്‍നിന്ന് സംഘടിപ്പിക്കാമെന്നും ദേശ്മുഖ് കൂട്ടിച്ചേര്‍ത്തതായി പരംബീര്‍ സിങ് പറയുന്നു. 

അതേസമയം പരംബീര്‍ സിങ്ങിന്റെ ആരോപണങ്ങള്‍ തെറ്റാണെന്ന് അനില്‍ ദേശ്മുഖ് പ്രതികരിച്ചു. ബി.ജെ.പി. അനില്‍ ദേശ്മുഖിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. 

content highlights: former mumbai police commissioner raises corruption allegation against anil deshmukh