ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് മുന്‍മന്ത്രി നിക്ഷേപ തട്ടിപ്പുകേസില്‍ അറസ്റ്റില്‍. ശിവരാജ് നഗര്‍ മുന്‍ എം.എല്‍.എ. കൂടിയായ റോഷന്‍ ബൈഗിനെയാണ് സി.ബി.ഐ. അറസ്റ്റ് ചെയ്തത്. ഐ.എം.എ.(ഐ- മോണിട്ടറി അഡ്‌വൈസറി) തട്ടിപ്പു കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
ബെംഗളൂരുവിലെ സി.ബി.ഐ. പ്രത്യേക കോടതിയില്‍ ഹാജരാക്കിയ ബൈഗിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കേസില്‍ ചോദ്യം ചെയ്യാന്‍ ബൈഗിനെ ഇന്ന് സി.ബി.ഐ. വിളിച്ചു വരുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്. ഐ.എം.എ. അഴിമതി കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന ആദ്യത്തെ രാഷ്ട്രീയക്കാരനാണ് ബൈഗ്.
നാലായിരം കോടിയുടെ ഐ.എം.എ. തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും പോലീസുകാരെയും പ്രതിചേര്‍ത്ത് അനുബന്ധ കുറ്റപത്രം നേരത്തെ സി.ബി.ഐ. സമര്‍പ്പിച്ചിരുന്നു. കര്‍ണാടക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ.എം.എയും സഹ കമ്പനികളും ചേര്‍ന്ന് വന്‍ലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് നിരവധി പേരെ കബളിപ്പിച്ചുവെന്നാണ് കേസ്.
തട്ടിപ്പു കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് മന്‍സൂര്‍ ഖാനെ രാജ്യം വിടാന്‍ സഹായിച്ചു എന്നാണ് ബൈഗിന്റെ പേരിലുള്ള കുറ്റം. നേരത്തെ കോണ്‍ഗ്രസില്‍ വിമതനീക്കം നടത്തിയതിനു പിന്നാലെ ബൈഗ് അയോഗ്യനാക്കപ്പെട്ടിരുന്നു.
content highlights: former minister Roshan Baig arrested by Central Bureau of Investigation in IMA scam case