റാഞ്ചി: ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും രാജ്യസഭാ എംപിയും ജെ.എം.എം നേതാവുമായ ഷിബു സോറന് കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യ രൂപി സോറനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെയാണ് ഇരുവരുടേയും സ്രവ സാംപിളുകള്‍ പരിശോധനയ്ക്കായി അയച്ചത്. വൈകീട്ടോടെ കോവിഡ് പോസിറ്റിവായ വിവരം സ്ഥിരീകരിക്കുകയായിരുന്നു. ഷിബു സോറന്റെ വസതിയിലെ 17 ജീവനക്കാര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും നേരത്തെ കോവിഡ് പിടിപെട്ടിരുന്നു.
ഷിബു സോറന്റെയും ഭാര്യയുടേയും ആരോഗ്യനില തൃപ്തികരമാണെന്നും വസതിയില്‍ ക്വാറന്റീനിലുള്ള ഇരുവരേയും ആവശ്യമെങ്കില്‍ ആശുപത്രിയിലേക്ക് മാറ്റുമെന്നും ജെ.എം.എം ജനറല്‍ സെക്രട്ടറിയും പാര്‍ട്ടി വക്താവുമായ ബിനോദ് പാണ്ഡെ അറിയിച്ചു.
ഷിബു സോറന്റെ മകനും ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ദ് സോറന്‍ തിങ്കളാഴ്ച കോവിഡ് പരിശോധന നടത്തുമെന്നാണ് വിവരം. കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ ഇത് മൂന്നാം തവണയാണ് അദ്ദേഹം കോവിഡ് പരിശോധന നടത്തുന്നത്. നേരത്തെ രണ്ട് തവണയും ഫലം നെഗറ്റീവായിരുന്നു.
content highlights: Former Jharkhand CM Shibu Soren, wife test positive for coronavirus