ന്യൂഡല്‍ഹി: കേന്ദ്രബജറ്റിനെ വിമര്‍ശിച്ചും ബജറ്റിന്റെ ദൈര്‍ഘ്യത്തെ പരിഹസിച്ചും കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി.ചിദംബരം. 1 നും 10 നും ഇടയില്‍ ബജറ്റിനെ റേറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ 'പത്തില്‍ രണ്ട് അക്കങ്ങളുണ്ട്. ഒന്നും പൂജ്യവും നിങ്ങള്‍ക്ക് അതിലൊന്ന് എടുക്കാമെന്നാ'യിരുന്നു ചിദംബരത്തിന്റെ മറുപടി.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഗുരുതരമായ മാക്രോ-ഇക്കണോമിക് വെല്ലുവിളിയെ അഭിമുഖീകരിക്കുകയാണെന്നും തുടര്‍ച്ചയായ ആറ് പാദങ്ങളില്‍ വളര്‍ച്ചാ നിരക്ക് കുറഞ്ഞതും സര്‍ക്കാര്‍ പൂര്‍ണമായും നിഷേധിക്കുകയാണെന്നും ചിദംബരം കുറ്റപ്പെടുത്തി.
2020-21ല്‍ ഉയര്‍ന്ന വളര്‍ച്ചാനിരക്കിലേക്ക് എത്തും എന്ന് നമ്മെ വിശ്വസിപ്പിക്കാന്‍ കഴിയുന്ന യാതൊന്നും തന്നെ ബജറ്റില്‍ ഇല്ല. അടുത്ത വര്‍ഷം 6 മുതല്‍ 6.5 ശതമാനം വരെ വളര്‍ച്ച കൈവരിക്കുമെന്ന അവകാശവാദം നിരുത്തരവാദപരവും ആശ്ചര്യം ജനിപ്പിക്കുന്നതുമാണ്.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ വാങ്ങല്‍ ശേഷി പരിമിതിവും നിക്ഷേപ -ശൂന്യവുമാണ്. എന്നാല്‍ ധനമന്ത്രി ഈ രണ്ടുവെല്ലുവിളികളെ അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. ഈ രണ്ടുവെല്ലുവിളികളെ എങ്ങനെ പരിഹരിക്കണമെന്നതു സംബന്ധിച്ച് യാതൊരു നിര്‍ദേശങ്ങളും മുന്നോട്ട് വെച്ചിട്ടില്ല. ഈ ഇരട്ട വെല്ലുവിളികള്‍ നിലനില്‍ക്കുകയാണെങ്കില്‍ സമ്പദ്വ്യവസ്ഥയില് പെട്ടെന്നൊരു മാറ്റമുണ്ടാകില്ല. കൂടാതെ രാജ്യത്തെ പാവപ്പെട്ടവര്‍ക്കും മധ്യവര്‍ഗത്തിനും യാതൊരു ആശ്വാസവുമുണ്ടാകില്ല - അദ്ദേഹം പറഞ്ഞു.
ബജറ്റിന്റെ നീളത്തെയും ചിദംബരം കളിയാക്കി. 'ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് പ്രസംഗമാണ് നാം കേട്ടത്. അത് അവസാനിക്കാന്‍ 160 മിനിട്ടുകളാണ് എടുത്തത്. അതുകൊണ്ട് എന്നെപ്പോലെ നിങ്ങളും ക്ഷീണിച്ചുപോയെങ്കില് ഞാനതിന് നിങ്ങളെ കുറ്റംപറയില്ല.'
മനസ്സിലാക്കാന്‍ സാധിക്കാത്തവിധം ദീര്‍ഘമാണെന്ന് ബജറ്റിനെ കുറിച്ച് മുന്‍പ്രധാനമന്ത്രിയും പ്രഗത്ഭ സാമ്പത്തിക വിദഗ്ധനുമായ മന്മോഹന് സിങ് അഭിപ്രായപ്പെട്ടത്.
Content Highlights: Former Finance Minister P Chidambaram gave an abysmal rating to the union budget 2020
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..