നാരായൺ റാണെ. ജ്യോതിരാദിത്യ സിന്ധ്യ | Photo: PTI
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ജ്യോതിരാദിത്യ സിന്ധ്യയ്ക്കും നാരായണ്‍ റാണേയ്ക്കും ലക്ഷ്യം പിഴച്ചില്ല. കോണ്‍ഗ്രസിന്റെ അമരത്ത് നിന്ന് ബിജെപി പാളയത്തിലെത്തിയ ഇരുവരേയും കാത്തിരുന്നത് കേന്ദ്രമന്ത്രിസ്ഥാനങ്ങളാണ്. കോണ്‍ഗ്രസിന്റെ നിര്‍ണായക പദവികളില്‍ നിന്നാണ് ഇരുവരും രാജ്യത്തിന്റെ തന്നെ ഉന്നത പദവികളിലേക്കെത്തിയത്.
കോണ്‍ഗ്രസ് മുന്‍ ജനറല്‍ സെക്രട്ടറി ആയിരുന്ന ജ്യോതിരാദിത്യ സിന്ധ്യ യുപിഎ രണ്ടാം സര്‍ക്കാരിലുള്‍പ്പെടെ മന്ത്രിയായിരുന്നു. മധ്യപ്രദേശില്‍ നിന്നുള്ള ബിജെപി എംപിയായ സിന്ധ്യ രാഹുല്‍ ഗാന്ധിയുടെ ഏറ്റവും അടുപ്പക്കാരിലൊരാളായിരുന്നു. കോണ്‍ഗ്രസിനും ബിജെപിക്കും ഒരുപോലെ നിര്‍ണ്ണായകമായിരുന്ന മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിക്കുന്നതില്‍ നിര്‍ണായ പങ്കുവഹിച്ചത് ജ്യോതിരാദിത്യ സിന്ധ്യയുടെ തന്ത്രങ്ങളായിരുന്നു. രാഹുല്‍ ഗാന്ധിയുടെ ഏറ്റവും അടുപ്പക്കാരിലൊളായിരുന്നിട്ടും മധ്യപ്രദേശില്‍ മുഖ്യമന്ത്രിസ്ഥാനം നല്‍കാത്തതായിരുന്നു സിന്ധ്യക്ക് ആദ്യം കോണ്‍ഗ്രസില്‍ നിന്നേറ്റ തിരിച്ചടി. കമല്‍നാഥിന് മുഖ്യമന്ത്രി സ്ഥാനം നല്‍കുന്നതിനെ അനുകൂലിക്കേണ്ടി വന്നതിന് പിന്നാലെ സിന്ധ്യയുടെ നീക്കങ്ങളെ കമല്‍നാഥ് അടിച്ചമര്‍ത്തി തുടങ്ങിയതോടെയാണ് കോണ്‍ഗ്രസിനോട് ഇടഞ്ഞ് സിന്ധ്യയുടെ ചുവടുമാറ്റം.
പാര്‍ട്ടിയുമായുണ്ടായ ഭിന്നതയെതുടന്ന് ഒന്നര വര്‍ഷം കൊണ്ട് കോണ്‍ഗ്രസ് മന്ത്രിസഭയെ താഴെവീഴ്ത്തിയതും സിന്ധ്യയുടെ നീക്കങ്ങളാണ്. സിന്ധ്യക്കൊപ്പം 19 എംഎമാരാണ് ബിജെപിയില്‍ എത്തിയത്. പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപി മന്ത്രിസഭയെ അധികാരത്തില്‍ എത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചതും സിന്ധ്യയൊണ്. രാജ്യസഭാ അംഗത്വം നല്കി സ്വീകരിച്ചതിന് പിന്നാലെ കേന്ദ്രമന്ത്രിസഭയിലും സിന്ധ്യയുടെ പ്രാതിനിധ്യം ഉറപ്പാക്കുകയാണ് ബിജെപി.
ഒരുകാലത്ത് ശിവസേനയില്‍ ബാല്‍താക്കറെയുടെ വലംകയ്യായിരുന്ന നാരായണ്‍ റാണെ ബാല്‍താക്കറെ മകനെ പിന്‍ഗാമിയായി പ്രഖ്യാപിച്ചതോടെയാണ് സേനവിട്ട് കോണ്‍ഗ്രസിലെത്തിയത്്. മുഖ്യമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസിലെത്തിച്ചവര്‍ പിന്നീട് കാലുവാരിയെന്നും പ്രധാനസ്ഥാനങ്ങള്‍ നല്‍കാതെ അവഗണിച്ചെന്നും ആരോപിച്ചാണ് നാല് വര്‍ഷം മുമ്പ് കോണ്‍ഗ്രസില്‍നിന്നും ബിജെപിയിലേക്കുള്ള ചുവടുമാറ്റം.മഹാരാഷ്ട്രയില്‍ ഏറെ സ്വാധീനമുള്ള മറാഠ വിഭാഗത്തില്‍ നിന്നുള്ള നേതാവായ നാരായണ്‍ റാണെയ്ക്ക് കൊങ്കണ്‍ മേഖലയിലെ സ്വാധീനവും മന്ത്രിസഭയിലെത്താന്‍ സഹായകമായി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..