അമൃത്സര്‍: പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനെ രൂക്ഷമായി വിമര്‍ശിച്ച് നിലവിലെ മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നി. അമരീന്ദര്‍ സിങ് സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചില്ലെന്ന് ആരോപിച്ച ചന്നി താന്‍ രണ്ട് മണിക്കൂര്‍ മാത്രമാണ് വിശ്രമിക്കുന്നതെന്നും ബാക്കി സമയം ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയാണെന്നും അവകാശപ്പെട്ടു.

ഹിന്ദുസ്ഥാന്‍ ടൈംസ് സംഘടിപ്പിച്ച പരിപാടിയിലാണ് അദ്ദേഹം അമരീന്ദ്രറിനെതിരേ രൂക്ഷ വിമര്‍ശം ഉന്നയിച്ചത്. 'നമ്മുടെ മുന്‍ മുഖ്യമന്ത്രി രണ്ട് മണിക്കൂര്‍ മാത്രമാണ് ജോലി ചെയ്തിരുന്നത്. ഞാന്‍ രണ്ട് മണിക്കൂര്‍ മാത്രമാണ് വിശ്രമിക്കുന്നത്. ആളുകള്‍ അദ്ദേഹത്തേക്കുറിച്ച് ചോദ്യമുന്നയിക്കുമായിരുന്നു. ഇപ്പോള്‍ ആളുകള്‍ ഞാന്‍ എപ്പോഴാണ് ഉറങ്ങുന്നത് എന്നാണ് ചോദിക്കുക. ഞാന്‍ ആര്‍ക്കും എപ്പോഴും സമീപിക്കാവുന്നയാളാണ്. എന്നാല്‍ അദ്ദേഹം അങ്ങനെ അയിരുന്നില്ല. ഇപ്പോള്‍ കാര്യങ്ങള്‍ മാറി. ഈ മാറ്റം ആളുകള്‍ ഇഷ്ടപ്പെടുന്നു'- ചരണ്‍ജിത്ത് സിങ് ചന്നി പറഞ്ഞു. 

'ഞാന്‍ മുഖ്യമന്ത്രി ആയതുകൊണ്ട് ആളുകള്‍ എന്റെ അടുത്തേക്ക് വരുന്നത് തടയണോ? സാധാരണ ജനങ്ങളെ കാണാനും അവരോട് സംസാരിക്കാനും ഞാന്‍ ഇഷ്ടപ്പെടുന്നു. വീടിനു മുന്നില്‍ ഞാനൊരു ടെന്റ് സ്ഥാപിച്ചിട്ടുണ്ട്. ജനങ്ങള്‍ എന്നെ വന്നു കാണണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു'- ചന്നി കൂട്ടിച്ചേര്‍ത്തു.

എന്തിനും അതിന്റേതായ സമയവും സ്ഥലവുമുണ്ടെന്ന് നേതൃമാറ്റം വൈകിയത് സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. അമരീന്ദര്‍ സിങ് ഒരു പുതുമുഖമായിരുന്നില്ല. അദ്ദേഹത്തെപ്പോലെ ശക്തനായ ഒരു വ്യക്തിയെ നീക്കം ചെയ്യാന്‍ പാര്‍ട്ടിക്ക് ഒരു സംവിധാനമുണ്ടെന്നും ചന്നി പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതിന് മുമ്പ് തന്നെ അമരീന്ദ്രര്‍ ബിജെപിയുമായി ചര്‍ച്ച നടത്തിയിരുന്നതായി ആരോപിച്ച ചന്നി അദ്ദേഹത്തിനൊപ്പം ഒറ്റ കോണ്‍ഗ്രസ് എംഎല്‍എ പോലും പോയിട്ടില്ലെന്നും അവകാശപ്പെട്ടു.

Content Highlights: Former CM Amarinder Singh only worked for 2 hours, I just rest for 2 says Charanjit Channi