ന്യൂഡല്‍ഹി: മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് രാജ്യസഭാ എം.പി.യായി സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭാ എം.പി.യാകുന്ന ആദ്യ മുന്‍ചീഫ് ജസ്റ്റിസാണു ഗൊഗോയ്. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്.

സത്യപ്രതിജ്ഞ ചടങ്ങിനിടെ പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങള്‍ ഇറങ്ങി പോയി. ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്കെതിരായ ഏറ്റവും ഗുരുതരമായതും അഭൂതപൂര്‍വവും മാപ്പര്‍ഹിക്കാത്തതുമായ ആക്രമണങ്ങളിലൊന്നാണിതെന്ന് ഗൊഗോയിയുടെ സ്ഥാനാരോഹണത്തെ കോണ്‍ഗ്രസ് വിശേഷിപ്പിച്ചു.

ഗൊഗോയിയെ രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്തതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായിരുന്ന മുന്‍ ജഡ്ജിമാരടക്കം വിമര്‍ശനമുന്നയിക്കുകയുമുണ്ടായി. അതേ സമയം സത്യപ്രതിജ്ഞയ്ക്ക് ശേഷം വിമര്‍ശനങ്ങളില്‍ താന്‍ വിശദീകരണം നല്‍കുമെന്ന് ഗൊഗോയ് അറിയിച്ചിരുന്നു.

ഇതിനിടെ ഗൊഗോയിയെ രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്തതു ചോദ്യംചെയ്ത് സുപ്രീംകോടതിയില്‍ പൊതുതാത്പര്യ ഹര്‍ജിയും സമര്‍പ്പിക്കുകയുണ്ടായി. സാമൂഹികപ്രവര്‍ത്തകയും വിദ്യാഭ്യാസ വിദഗ്ധയുമായ മധുപൂര്‍ണിമ കിഷ്വാറാണ് സുപ്രീംകോടതിയെ സമീപിച്ചത്.

ജസ്റ്റിസ് ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത നടപടി ജുഡീഷ്യറിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം തകര്‍ക്കുന്നതാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. വിരമിച്ചശേഷം ജഡ്ജിമാര്‍ പദവികള്‍ സ്വീകരിക്കുന്നത് രാജ്യത്തെ കോടതികളുടെ സ്വാതന്ത്ര്യത്തിനു കളങ്കമേല്‍പ്പിക്കുമെന്ന് ജസ്റ്റിസ് ഗൊഗോയിതന്നെ മുന്‍പ് പറഞ്ഞിട്ടുണ്ടെന്നും പരാതിയില്‍ പറഞ്ഞു.

Content Highlights: Former Chief Justice of India Ranjan Gogoi Take Oath As Nominated Member of Rajya Sabha