ഗുവഹാത്തി:  വിരമിച്ച ശേഷം അലസരായി വീട്ടില്‍ ചടഞ്ഞു കൂടുന്നവര്‍ക്കും ക്ലബ്ബിലും മറ്റുമായി ഒതുങ്ങുന്നവര്‍ക്കും ഒരു മാതൃകയാണ് അസം മുന്‍ ഡിജിപി മുകേഷ് സാഹെ. വിരമിച്ച അടുത്ത ദിവസം മുതല്‍ സോനാറാം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് ഗണിതശാസ്ത്ര അധ്യാപകനായി സേവനമനുഷ്ടിക്കുകയാണ് അദ്ദേഹം. 

ഏപ്രില്‍ 30നാണ് അദ്ദേഹം ഡിജിപി സ്ഥാനത്തുനിന്ന് വിരമിച്ചത്. തുടര്‍ന്ന് സ്‌കൂളില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഗണിതശാസ്ത്ര അധ്യാപകരില്ലെന്ന് ഞാന്‍ അറിഞ്ഞ്‌ അധ്യാപകനായി സന്നദ്ധ സേവനം നടത്താന്‍ തയ്യാറാകുകയായിരുന്നു. 

' സര്‍ക്കാര്‍ എനിക്ക് നല്ല പെന്‍ഷന്‍ നല്‍കുന്നുണ്ട്. അതിനാല്‍ സമൂഹത്തിന് എന്തെങ്കിലും തിരിച്ചു നല്‍കുവാനുള്ള സമയമാണിത്. '- അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് തന്റെ ക്ലാസ് ഗുണകരമാകുന്നുണ്ടോയെന്ന് തിരക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു.

അവര്‍ക്കത് ഗുണകരമാകുന്നുണ്ടെങ്കില്‍ ഞാന്‍ എന്റെ അധ്യാപനം തുടരും. യുവാക്കളുമായി സംവദിക്കുന്നത് ആസ്വദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോലീസുകാരും അധ്യാപകരും അവരവരുടെ രീതിയില്‍ സമൂഹത്തിന് സംഭാവനകള്‍ നല്‍കുന്നു. പുതുതലമുറയുടെ ഭാവി രൂപപ്പെടുത്തുന്നതില്‍ അധ്യാപകരുടെ പങ്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു.