ന്യൂഡല്‍ഹി: സംഘടിതവും ശക്തരുമായ മൃഗവേട്ടക്കാരെ നേരിടാന്‍ രാജ്യത്തെ ഫോറസ്റ്റ് ഗാര്‍ഡുകള്‍ക്ക് ആയുധങ്ങളും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളും നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ അസം സര്‍ക്കാരിന്റെ മാതൃക മറ്റ് സംസ്ഥാനങ്ങളിലും നടപ്പാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. ഫോറസ്റ്റ് ഗാര്‍ഡുമാര്‍ക്ക് ഉറപ്പാക്കേണ്ട സുരക്ഷ സംബന്ധിച്ച് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത, അമിക്കസ് ക്യുറി ശ്യാം ദിവാന്‍, സംസ്ഥാന സര്‍ക്കാരുകള്‍ എന്നിവരോട് സംയുക്ത നിര്‍ദേശം സമര്‍പ്പിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു.  

കാട്ടില്‍ ജോലി ചെയ്യുന്ന ഫോറസ്റ്റ് ഗാര്‍ഡും, സിറ്റിയില്‍ ജോലി ചെയ്യുന്ന പോലീസ് ഗാര്‍ഡും തമ്മില്‍ ജോലിയുടെ കാര്യത്തില്‍ വലിയ വ്യത്യാസമുണ്ട്. സിറ്റിയില്‍ ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥന് ഒരു ആവശ്യം വന്നാല്‍ പലരുടെയും സഹായം തേടാന്‍ കഴിയും. എന്നാല്‍ കാട്ടിലെ ഫോറസ്റ്റ് ഗാര്‍ഡിന് ആ സൗകര്യം ഇല്ലെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

ചൈനീസ് അനധികൃത വന്യജീവി കച്ചവടക്കാര്‍ക്കായി മൃഗവേട്ടക്കാര്‍ ശേഖരിച്ച  ഈനാമ്പേച്ചിയുടെ തൊലി ഫോറസ്റ്റ് ഗാര്‍ഡുകള്‍ പിടിച്ചെടുത്ത കഥ ചീഫ് ജസ്റ്റിസ് കോടതിയില്‍ വിവരിച്ചു. അന്തരാഷ്ട്ര സംഘങ്ങള്‍ക്ക് പോലും മൃഗവേട്ടകളില്‍ പങ്കുണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. അതിനാല്‍ കോടി കണക്കിന് ഡോളറുകളില്‍ നടക്കുന്ന ഈ അനധികൃത വ്യവസായം തടയാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റില്‍ പ്രത്യേക സെല്‍ ആരംഭിക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. രാജ്യത്തെ കാടുകളും മൃഗങ്ങളും സംരക്ഷിക്കുന്നതിന് അക്ഷീണം പ്രവര്‍ത്തിക്കുന്ന ഫോറസ്റ്റ് ഗാര്‍ഡുകള്‍കള്‍ക്ക് മതിയായ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കവെ ആണ് ചീഫ് ജസ്റ്റിസ് ബോബ്ഡെ അധ്യക്ഷനായ മൂന്ന് അംഗ ബെഞ്ച് സുപ്രധാനമായ നിരീക്ഷണം നടത്തിയത്.