Screengrab : Video Posted On Instagram | Viral Bhayani
''ചില വികാരങ്ങള്‍ വാക്കുകളിലേക്ക് പകര്‍ത്താന്‍ പ്രയാസമാണ്. ഒരാളുടെ മനസ്സില്‍ നിറയുന്ന സങ്കടമോ, ആഹ്ലാദമോ, സ്നേഹമോ, വെറുപ്പോ എന്തു തന്നെയായാലും വാക്കുകളിലൂടെ അതിന്റെ തീവ്രത വെളിപ്പെടുത്തുക അസാധ്യം''. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഹൃദയഭേദകമായ ഒരു വീഡിയോയ്ക്ക് അടിക്കുറിപ്പായി ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് അസോസിയേഷൻ ട്വിറ്റർ ഹാൻഡിൽ നല്കിയ അടിക്കുറിപ്പും ഇതുതന്നെയാണ്.
'അദ്ദേഹത്തിന്റെ കാഴ്ചയില്‍ നിന്ന് മറയുകയാണ്, പക്ഷെ അദ്ദേഹത്തിന്റെ ഹൃദയത്തില്‍ നിന്ന് ഒരിക്കലും മായില്ല' കുറിപ്പ് തുടരുന്നു. ഒരു ഫോറസ്റ്റ് ഓഫീസറുടെ ദുഃഖമാണ് വീഡിയോയില്‍ പകര്‍ത്തിയിരിക്കുന്നത്. താന്‍ ശുശ്രൂഷിച്ചു പോന്ന ആനയുടെ മൃതശരീരം സംസ്കരിക്കാന്‍ ട്രക്കില്‍ കയറ്റിയതിന് ശേഷം വണ്ടിയില്‍ നിന്ന് തൂങ്ങിക്കിടക്കുന്ന തുമ്പിക്കൈയില്‍ പിടിച്ച് വിതുമ്പി കരയുന്ന ഉദ്യോഗസ്ഥന്-കാണുന്ന ആരുടേയും മനസ്സലിയിക്കുന്ന രംഗം.
തമിഴ്നാട് മുതുമലൈ ടൈഗര്‍ റിസര്‍വിലെ എലിഫന്റ് ക്യാമ്പിൽ പരിക്കുമായെത്തി ചികിത്സയില്‍ കഴിയുകയായിരുന്ന ആനയ്ക്കാണ് ജീവന് നഷ്ടമായത്. ആനയെ രക്ഷിക്കാന്‍ വനം വകുപ്പ് പരമാവധി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
ഹൃദയസ്പര്‍ശിയായ വീഡിയോ നിരവധി പേരാണ് വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ ഷെയര്‍ ചെയ്തത്. ആനയുടെ തുമ്പിക്കൈയില്‍ തട്ടിയും തലോടിയും നെറ്റിയമര്ത്തിയും കരയുന്ന, കാടുകളോടും സഹജീവികളോടുമുള്ള സ്നേഹം നിറഞ്ഞ പച്ചയായ ഒരു മനുഷ്യന്റെ വീഡിയോയോട് നിരവധി പേരാണ് പ്രതികരിച്ചത്.
Content Highlights: Forest officer bids emotional goodbye to dead elephant Viral Video
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..