ഹത്രാസിൽ പെൺകുട്ടിയുടെ മൃതദേഹം സംസ്‌കരിച്ച സ്ഥലം | ഫോട്ടോ: എ.എഫ്.പി.
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഇരുപതുകാരിയുടെ മൃതദേഹത്തിന്റെ ഫോറന്‍സിക് പരിശോധനാ ഫലം പുറത്ത്. യുവതി ബലാത്സംഗത്തിന് ഇരയായിട്ടിലെന്ന് വ്യക്തമാക്കുന്ന പരിശോധനാ ഫലമാണ് ഉത്തര്‍പ്രദേശ് പോലീസ് പുറത്തുവിട്ടിരിക്കുന്നത്. കൂട്ടബലാത്സംഗത്തില്‍ പോലീസ് പ്രതികളെ രക്ഷപ്പെടാന്‍ സഹായിക്കുന്നതായി ആരോപണമുയരുകയും പ്രതിഷേധം ശക്തമാകുകയും ചെയ്യുന്നതിനിടെയാണ് പോലീസിന്റെ പുതിയ നീക്കം.
മൃതദേഹത്തില്‍ പുരുഷ ബീജത്തിന്റെ അംശം കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നതെന്ന് ഉത്തര്‍പ്രദേശ് പോലീസ് എഡിജി പ്രശാന്ത് കുമാര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. 'യുവതി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പൂര്‍ണമായും തെറ്റായ വിവരങ്ങളുടെ പേരില്‍ ജാതീയമായ സംഘര്‍ഷം സൃഷ്ടിക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് ജാതി സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും', അദ്ദേഹം പറഞ്ഞു.
സെപ്റ്റംബര്‍ 14ന് യുവതിയുടെ സഹോദരനാണ് സംഭവത്തെക്കുറിച്ച് ആദ്യമായി പോലീസിനെ വിവരമറിയിക്കുന്നത്. യുവതിയുടെ നാവ് ഛേദിക്കപ്പെട്ടിരുന്നില്ലെന്ന് വ്യക്തമാക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ടെന്നും എഡിജി മാധ്യമങ്ങളോട് പറഞ്ഞു.
ഈ മാസം പതിനാലിനാണ് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായത്. അമ്മയ്ക്കൊപ്പം പുല്ലരിയാന്‍ വയലില്‍ പോയപ്പോള്‍ നാലുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. അക്രമത്തില്‍ യുവതിയുടെ നാവില്‍ ഗുരുതരമായ മുറിവുണ്ടാവുകയും ഇരുകാലും പൂര്‍ണമായും തളരുകയും ചെയ്തു. കൈകളുടെ ചലനശേഷി ഭാഗികമായി നഷ്ടപ്പെട്ടു. അലിഗഢ് ജെ.എന്‍. മെഡിക്കല്‍ കോളേജ് ആശുപത്രി വെന്റിലേറ്ററിലായിരുന്ന യുവതിയെ തിങ്കളാഴ്ച സഫ്ദര്‍ജങ്ങിലേക്കു മാറ്റി. ചൊവ്വാഴ്ച വൈകുന്നേരത്തോടെ യുവതി മരിച്ചു.
യുവതിയുടെ മൃതദേഹം ബുധനാഴ്ച പുലര്‍ച്ചെ 2.45 ഓടെ പോലീസ് ബലമായി സംസ്‌കരിക്കുകയായിരുന്നു എന്നാണ് വീട്ടുകാര്‍ പറയുന്നത്. യുവതിയുടെ വീടിനു സമീപത്തു തന്നെ പോലീസ് ചിതയൊരുക്കുകയും മൃതദേഹം എത്രയും വേഗം സംസ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടതായുമാണ് റിപ്പോര്‍ട്ടുകള്‍. ഹിന്ദുമത ആചാരക്രമം പാലിക്കുമെന്നും മൃതദേഹം രാത്രിയില്‍ സംസ്‌കരിക്കില്ലെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞിരുന്നു. ഇത് അവഗണിച്ചായിരുന്നു പോലീസ് സംസ്കാരം നടത്തിയത്.
Content Highlights: Forensic reports show no semen on Hathras victim, there was no rape- UP Police
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..