ന്യൂഡല്‍ഹി: വിദേശ വിനോദസഞ്ചാരികള്‍ക്കായി ഇന്ത്യ വാതില്‍ തുറക്കുന്നു. ചാര്‍ട്ടേഡ് ഫ്‌ളൈറ്റില്‍ ഇന്ത്യയിലേക്ക് വരുന്ന വിദേശസഞ്ചാരികള്‍ക്ക് ഒക്ടോബര്‍ പതിനഞ്ച് മുതല്‍ വിസ അനുവദിക്കും. സാധാരണ ഫ്‌ളൈറ്റില്‍ എത്തുന്നവര്‍ക്ക് നവംബര്‍ പതിനഞ്ച് മുതല്‍ പുതിയ വിസ അനുവദിക്കാനും കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചു. 

കോവിഡ് പശ്ചാത്തലത്തില്‍ ഒന്നരവര്‍ഷം മുന്‍പാണ് ഇന്ത്യ വിദേശസഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. 

കേന്ദ്രആഭ്യന്തര മന്ത്രാലയം, വിദേശകാര്യമന്ത്രാലയം, വ്യോമയാന മന്ത്രാലയം, ടൂറിസം എന്നീ വകുപ്പുകളുമായുള്ള കൂടിയാലോചനകള്‍ക്ക് ശേഷമാണ് വിസ അനുവദിക്കാനുള്ള തീരുമാനമെടുത്തതെന്ന് കേന്ദ്രആഭ്യന്തരമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. 

ടൂറിസ്റ്റ് വിസ പുനഃരാരംഭിക്കാന്‍ പല സംസ്ഥാനങ്ങളും കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. കോവിഡില്‍ തകര്‍ന്ന വിനോദസഞ്ചാര മേഖലയ്ക്ക് ഈ തീരുമാനം ഉണര്‍വേകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Content Highlights: Foreign Tourists Allowed Nov 15, Oct 15 For Those On Chartered Flights