പ്രതിപക്ഷത്തെ കടന്നാക്രമിച്ചും പുതിയ പ്രയോഗങ്ങള്‍ നടത്തിയും രാജ്യസഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടി പ്രസംഗം. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍ മേലുള്ള നന്ദി പ്രമേയത്തില്‍ രാജ്യസഭയില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. 

എഫ്.ഡി.ഐ. ഫോറിന്‍ ഡിസ്ട്രക്ടീവ് ഐഡിയോളജി

ഒരു പുതിയ എഫ്.ഡി.ഐ. വന്നിട്ടുണ്ടെന്നും അത് ഫോറിന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് അല്ല എഫ്.ഡി.ഐ. ഫോറിന്‍ ഡിസ്ട്രക്ടീവ് ഐഡിയോളജിയാണെന്നും അദ്ദേഹം പറഞ്ഞു. 

രാജ്യം പുരോഗതി കൈവരിച്ചു കൊണ്ടിരിക്കുകയാണ്. നാം എഫ്.ഡി.ഐ.യെ കുറിച്ച് സംസാരിക്കുന്നുമുണ്ട്. എന്നാല്‍ ഒരു പുതിയ എഫ്.ഡി.ഐ. രംഗത്തെത്തിയിരിക്കുകയാണ്. ഈ പുതിയ എഫ്.ഡി.ഐയില്‍നിന്ന് രാജ്യത്തെ നാം രക്ഷിച്ചേ മതിയാകൂ. നമുക്ക് ആവശ്യം ഫോറിന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ആണ്. എന്നാല്‍ പുതിയ എഫ്.ഡി.ഐ. ഫോറിന്‍ ഡിസ്ട്രക്ടീവ് ഐഡിയോളജിയാണ്. ഇതില്‍നിന്ന് നാം നമ്മെ സംരക്ഷിക്കണമെന്നും മോദി പറഞ്ഞു. 

ആന്ദോളന്‍ ജീവികള്‍

രാജ്യത്ത് ഒരു പുതിയ വിഭാഗം-ആന്ദോളന്‍ ജീവി(സമരജീവി)കള്‍ ഉദയം കൊണ്ടിട്ടുണ്ടെന്നും മോദി പറഞ്ഞു. അഭിഭാഷകരുടെയോ വിദ്യാര്‍ഥികളുടെയോ തൊഴിലാളികളുടെയോ ആകട്ടെ, എവിടെ പ്രതിഷേധമുണ്ടോ അവിടെ ഇക്കൂട്ടരെ കാണാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഇവര്‍ക്ക് സമരം ഇല്ലാതെ ജീവിക്കാന്‍ ആകില്ലെന്നും ഇക്കൂട്ടരെ തിരിച്ചറിയണമെന്നും അവരില്‍നിന്ന് രാജ്യത്തെ സംരക്ഷിക്കണമെന്നും മോദി കൂട്ടിച്ചേര്‍ത്തു. 

ഡെറിക് ഒബ്രിയാന്‍ ഉദ്ദേശിച്ചത് ബെംഗാളിനെ കുറിച്ചോ അതോ രാജ്യത്തെ കുറിച്ചോ 

മോദിയുടെ മറുപടി പ്രസംഗം ബഹിഷ്‌കരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാര്‍ ഇറങ്ങിപ്പോവുകയും കാര്‍ഷിക നിയമം, അഭിപ്രായ സ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതിനെ പരിഹാസത്തോടെയാണ് മോദി നേരിട്ടത്. ഞാന്‍ ഡെറിക്ക് ജിയുടെ വാക്കുകള്‍ ശ്രദ്ധിക്കുകയായിരുന്നു. അഭിപ്രായ സ്വാതന്ത്ര്യം, ഭീഷണിപ്പെടുത്തല്‍- നല്ല വാക്കുകളാണ് അദ്ദേഹം തിരഞ്ഞെടുത്തത്. അദ്ദേഹം പറയുന്നത് കേട്ടപ്പോള്‍, ഇനി ബംഗാളിനെ കുറിച്ചാണോ അതോ രാജ്യത്തെ കുറിച്ചാണോ എന്ന് ഞാന്‍ അദ്ഭുതപ്പെട്ടുപോയി. അദ്ദേഹം ഇതുമാത്രമാണ് 24 മണിക്കൂറും കാണുന്നത്. അതാകും അദ്ദേഹം ഇവിടെയും പറഞ്ഞത്- മോദി പരിഹസിച്ചു. 

content highlights: foreign destructive ideology, andolan jivi- narendra modi's rajyasabha speech