ജ്യോതിരാദിത്യ സിന്ധ്യ | Photo : PTI
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയെ തുടര്‍ന്ന് വ്യോമയാനവകുപ്പ് ലഭിച്ച ജ്യോതിരാദിത്യ സിന്ധ്യയെ പരിഹസിച്ച് ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ശ്രീനിവാസ് ബി വി രംഗത്ത്. സിന്ധ്യയെ പരിഹസിക്കുന്ന തരത്തിലുള്ള കാര്‍ട്ടൂണ്‍ ഉള്‍പ്പെടെ ശ്രീനിവാസ് ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ നിലവിലെ സ്ഥിതി പോലെ ജ്യോതിരാദിത്യസിന്ധ്യയും ഏത് നിമിഷവും വില്‍പനയ്ക്ക് തയ്യാറായിരിക്കുകയാണെന്നാണ് ശ്രീനിവാസ് ട്വീറ്റ് ചെയ്ത കാര്‍ട്ടൂണിലെ ഉള്ളടക്കം.
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും തരം താണ പരാമര്‍ശങ്ങളിലൊന്നാണ് ശ്രീനിവാസ് നടത്തിയതെന്ന് ബിജെപി നേതാവ് ആര്‍.പി.സിങ് പ്രതികരിച്ചു. രാജ്യത്തെ മൊത്തമായും വിറ്റഴിച്ച കൂട്ടരാണ് സിന്ധ്യയെ വിമര്‍ശിക്കുന്നതെന്നും ആര്‍.പി. സിങ് പറഞ്ഞു. കോണ്‍ഗ്രസ്സിന്റെയും കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും രാഷ്ട്രീയ പാപ്പരത്തമാണ് ഈ വിമര്‍ശനം പ്രകടമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിന്ധ്യയെ പോലെ കാര്യപ്രാപ്തിയുള്ള യുവനേതാക്കളെ ലക്ഷ്യമിട്ട് 'പ്രൗഡിയേറിയ പഴഞ്ചന്‍ പാര്‍ട്ടി' അതിന്റെ നീരസം പ്രകടിപ്പിക്കുകയാണെന്ന് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ പ്രസ്താവിച്ചു. കഴിവുള്ള നേതാക്കളെ ബിജെപി കണ്ടെത്തുകയും സ്ഥാനമാനങ്ങള്‍ നല്‍കുകയും ചെയ്യുമ്പോള്‍ രാഹുല്‍ ഗാന്ധിയേക്കാള്‍ കഴിവ് പ്രകടിപ്പിക്കുന്നവരെ കോണ്‍ഗ്രസ് അടിച്ചമര്‍ത്തുകയാണ് ചെയ്യുന്നതെന്ന കാര്യം സ്പഷ്ടമാണെന്ന് ഭാട്ടിയ കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ കഴിവ് അംഗീകരിക്കപ്പെടാത്തതില്‍ കോണ്‍ഗ്രസ്സിലെ യുവനേതാക്കള്‍ അസംതൃപ്തരാണെന്നും ഭാട്ടിയ പറഞ്ഞു.
മധ്യപ്രദേശ് കോണ്‍ഗ്രസ്സും സിന്ധ്യയെ പരിഹസിച്ച് വ്യാഴാഴ്ച രംഗത്തെത്തിയിരുന്നു. കഴിഞ്ഞ കൊല്ലമാണ് ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. നേരത്തെ ആദ്യ യുപിഎ സര്‍ക്കാരിലും രണ്ടാം യുപിഎ സര്‍ക്കാരിലും രണ്ട് വിവിധ വകുപ്പുകള്‍ സിന്ധ്യയ്ക്ക് നല്‍കിയിരുന്നു. മധ്യപ്രദേശില്‍ ബിജെപിയെ ഭരണത്തിലേറാന്‍ സിന്ധ്യ നല്‍കിയ സഹായം പരിഗണിച്ചാണ് അദ്ദേഹത്തിന് മന്ത്രിസ്ഥാനം നല്‍കിയത്. ജ്യോതിരാദിത്യ സിന്ധ്യയുടെ അച്ഛന്‍ മാധവറാവു സിന്ധ്യയും വ്യോമയാനവകുപ്പ് കൈകാര്യം ചെയ്തിരുന്നു, പക്ഷെ കോണ്‍ഗ്രസ് മന്ത്രിസഭയിലായിരുന്നുവെന്ന് മാത്രം.
'For sale’ Indian Youth Congress President takes jibe at Jyotiraditya Scindia
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..