Photo: PTI
മുംബൈ: കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ രാജ്യത്തെ പ്രധാന നഗരങ്ങളായ ഡല്‍ഹിയിലും മുംബൈയിലും കടുത്ത നിയന്ത്രണങ്ങള്‍. ഡല്‍ഹിയില്‍ സര്‍ക്കാര്‍ വാരാന്ത്യ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. കോവിഡ് വ്യാപനം ഇപ്പോഴുള്ള രീതിയില്‍ തുടര്‍ന്നാല്‍ മുംബൈയില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയേക്കും. ഇരു നഗരങ്ങളിലെയും കോവിഡ് കേസുകളുടെ എണ്ണം കുതിച്ചുയര്‍ന്നതാണ് പുതിയ നിയന്ത്രണങ്ങള്‍ക്ക് കാരണമായത്.
വാരാന്ത്യ കര്‍ഫ്യൂവിന് പുറമെ ഡല്‍ഹിയില്‍ ഓഫീസുകളില്‍ ജീവനക്കാരുടെ എണ്ണവും കുറച്ചു. ബസ്, മെട്രോ സര്‍വീസുകള്‍ മാറ്റമില്ലാതെ തുടരും. അവശ്യ സര്‍വീസുകളില്‍ ഉള്ള ജീവനക്കാര്‍ ഒഴികെയുള്ളവര്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. തിങ്കളാഴ്ച 4,099 പുതിയ കോവിഡ് കേസുകളാണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച അത് 5,481 ആയി ഉയര്‍ന്നു. ഏഴ് മാസത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
പ്രതിദിന കോവിഡ് കേസുകള്‍ 20,000 കവിഞ്ഞാല്‍ മുംബൈയില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് മുംബൈ മേയര്‍ കിഷോരി പട്‌നേക്കര്‍ പറഞ്ഞു. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അടുത്തദിവസം വാര്‍ത്താസമ്മേളനം വിളിക്കും. നഗരത്തിലെ ആള്‍ക്കൂട്ടത്തില്‍ കുറവുവന്നില്ലെങ്കില്‍ മിനി ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടിവരുമെന്നും മേയര്‍ പറഞ്ഞു.
കഴിഞ്ഞദിവസം മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 8,082 ആണ്. ഏപ്രില്‍ 18 ന് ശേഷം നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 40 പുതിയ ഒമിക്രോണ്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മുംബൈയിലെ ആകെ ഒമിക്രോണ്‍ കേസുകളുടെ എണ്ണം 368 ആയി.
Content Highlights: Delhi, Weekend Curfew, Lockdown likely in Mumbai
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..