Screengrab : Twitter Video
തികച്ചും സാധാരണമായ ദിവസം, റോഡിലൂടെ നടന്നുവന്ന് കടയിലേക്ക് കയറുന്ന യുവാവ്. റോഡില്‍ നിന്ന് കടയിലേക്കുള്ള നാല് ചുവടുകള്‍, ഒടുവിലത്തെ ചുവട് വെച്ച് അയാള്‍ നടന്നുകയറിയത് കടയിലേക്കല്ല, മറിച്ച് ജീവിതത്തിലേക്കായിരുന്നു. ആ മൂന്ന് ചുവടുകള്‍ താന്‍ കടന്നത് വലിയൊരു അപകടത്തില്‍ നിന്നാണെന്ന് തിരിച്ചറിയുന്ന ഒരു മനുഷ്യന്റെ അമ്പരപ്പ്, അതാണ് കഴിഞ്ഞ ദിവസം സാമൂഹികമാധ്യമങ്ങളില്‍ വൈറലായ പതിമൂന്ന് സെക്കന്‍ഡ് മാത്രമുള്ള ഒരു വീഡിയോയുടെ ഹൈലൈറ്റ്. കടയുടെ മുന്നില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയില്‍ നിന്നുള്ള ഒരു ചെറിയ ക്ലിപ്പാണ് സാമൂഹികമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചാരം നേടിയത്.
കടയുടെ മുന്നിലെ ടൈല്‍ പതിപ്പിച്ച ഭാഗത്ത് യുവാവ് കാലെടുത്തുവെക്കുമ്പോള്‍ പിന്നിലുള്ള ഫുട്പാത്തിലെ കോണ്‍ക്രീറ്റ് ഭാഗം ഒന്നായി താഴേക്ക് ഇടിഞ്ഞുവീഴുന്നത് വീഡിയോയില്‍ കാണാം. വലിയൊരു ഓവുചാലിന്റെ മുകളില്‍ സ്ഥാപിച്ചിരുന്ന കോണ്‍ക്രീറ്റ് പാളിയാണ് താഴേക്ക് അടര്‍ന്നുവീണത്. ഒരുപക്ഷെ, അതിനുമേല്‍ കാല്വെച്ചിരിക്കുമ്പോഴാണ് അപകടം സംഭവിച്ചിരുന്നതെങ്കില്‍ യുവാവ് താഴേക്ക് പതിക്കുമായിരുന്നെന്ന് തീര്‍ച്ച. വലിയൊരു ദുരന്തത്തില്‍ നിന്നാണ് താന്‍ രക്ഷപ്പെട്ടത് എന്ന കാര്യം ഉല്‍ക്കൊള്ളാനാവാതെ നിമിഷങ്ങളോളം അമ്പരന്നു നില്ക്കുന്ന യുവാവിനേയും വീഡിയോയില്‍ കാണാം.
അപകടമുണ്ടായ സ്ഥലത്തെ കുറിച്ചോ മറ്റോ ഉള്ള സൂചനകളൊന്നും വീഡിയോക്കൊപ്പമില്ല. 'ഭാഗ്യവാന്' എന്നാണ് വീഡിയോ കണ്ടവരില്‍ ഭൂരിഭാഗവും പ്രതികരിച്ചത്. 'കോണ്‍ക്രീറ്റ് തകര്‍ത്തതിന് പിഴ നല്‍കണ'മെന്നും 'ഇന്ത്യയിലെ ഏറ്റവും ശക്തിമാനെ'ന്നും 'യമരാജന് ഉച്ചഭക്ഷണത്തിന് പോയ നേര'മെന്നും ഹാസ്യരൂപേണ കമന്റ് ചെയ്തവരും കുറവല്ല. വീഡിയോ കണ്ട് ഞെട്ടിയെന്നും ചിലര്‍ പ്രതികരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..