ന്യൂഡല്‍ഹി: കഠുവ, ഉന്നാവ സംഭവങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിക്കാന്‍ വൈകിയതിനെ വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്.
സംസാരിക്കാത്ത പ്രധാനമന്ത്രിയാണ് ഞാനെന്നും പ്രധാനമന്ത്രി വാതുറക്കണെന്നും എന്നെക്കുറിച്ച് മോദി അന്ന് പറഞ്ഞതായി മാധ്യമങ്ങളില്‍ കണ്ടിരുന്നു. എന്നാല്‍ ആ ഉപദേശം മോദി ഓര്‍ക്കണമെന്നാണ് ഇപ്പോള്‍ പറയാനുള്ളത്. പ്രധാനമന്ത്രി വല്ലപ്പോഴുമെങ്കിലും സംസാരിക്കണം. മന്‍മോഹന്‍ സിങ് പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിമര്‍ശനങ്ങള്‍ക്കൊടുവില്‍ മോദി കഠുവ,ഉന്നാവ വിഷയങ്ങളെ അപലപിച്ചതില്‍ സന്തോഷമുണ്ടെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.
ഇതുപോലുള്ള കുറ്റകൃത്യങ്ങള്‍ നടക്കുമ്പോള്‍ പ്രധാനമന്ത്രി പ്രതികരിക്കാന്‍ വൈകിയാല്‍ കുറ്റവാളികള്‍ അത് മുതലെടുക്കും. എന്തു ചെയ്താലും ഒരു പ്രശ്‌നവുമില്ലെന്ന് കരുതും. അധികാരത്തിലുള്ളവര്‍ കൃത്യസമയത്ത് പ്രതികരിച്ച് അനുയായികള്‍ക്ക് വ്യക്തമായ സന്ദേശം നല്‍കണം. മന്‍മോഹന്‍ സിങ് പറഞ്ഞു.
2012 ലെ നിര്‍ഭയ സംഭവത്തിന് ശേഷം അന്നത്തെ യുപിഎ സര്‍ക്കാര്‍ നിയമ ഭേദഗതി വരുത്തി ശക്തമായ നടപടിയെടുത്തിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഠുവ സംഭവം ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി അല്‍പം കൂടി ഗൗരവമായി കൈകാര്യം ചെയ്യണമായിരുന്നു ആദ്യം തന്നെ കാര്യങ്ങളുടെ നിയന്ത്രണം അവര്‍ ഏറ്റെടുക്കുകയും ശക്തമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യണമായിരുന്നു. എന്നാല്‍ രണ്ട് ബി.ജെ.പി മന്ത്രിമാര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിരുന്നതിനാല്‍ ബി.ജെ.പിയില്‍ നിന്ന് അവര്‍ക്ക് സമ്മര്‍ദ്ദമുണ്ടായിരിക്കാമെന്നും മന്‍മോഹന്‍ സിങ് ആരോപിച്ചു.